കോട്ടയം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ ബിജെപി തന്ത്രങ്ങൾ വേഗത്തിലാക്കി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ പാർട്ടി സ്ഥാനാർഥിയാകുമെന്ന് സൂചന. ബിജെപി പ്രതീക്ഷയോടെ കാണുന്ന മണ്ഡലങ്ങളിൽ ഒന്നായ കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രീകരിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം മാർച്ച് ആറിന് കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കുമെന്നാണ് വിവരം. മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയും അന്നത്തെ പരിപാടികളിൽ ഉൾപ്പെടും.

ഇതിനിടെ തൃശ്ശൂരിൽ പത്മജ വേണുഗോപാലും പാലക്കാട്ട് ശോഭാ സുരേന്ദ്രനും മത്സരിക്കുമെന്ന സൂചനകൾ ശക്തമാണ്. എ ഗ്രേഡ് മണ്ഡലങ്ങളായി പാർട്ടി കണക്കാക്കുന്ന തൃശ്ശൂരും പാലക്കാട്ടും ഹെവി വെയ്റ്റ് സ്ഥാനാർത്ഥികളെ ഇറക്കാനാണ് തീരുമാനം. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി 946 വോട്ടുകൾക്ക് പരാജയപ്പെട്ട പത്മജ, ഇത്തവണ ബിജെപി ടിക്കറ്റിൽ തൃശ്ശൂരിൽ അങ്കം കുറിക്കാനൊരുങ്ങുന്നു. “പാർട്ടി ആവശ്യപ്പെട്ടാൽ സന്തോഷത്തോടെ മത്സരിക്കും” എന്നായിരുന്നു പത്മജയുടെ പ്രതികരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ പിന്തുണയും മുൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈയും ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ലെങ്കിലും പത്മജയുടെ വരവോടെ സാഹചര്യം മാറുമെന്നാണ് പാർട്ടി വിലയിരുത്തൽ. പാലക്കാട് മണ്ഡലത്തിൽ 2016-ൽ 40,000-ത്തിലധികം വോട്ടുകൾ നേടിയ ശോഭാ സുരേന്ദ്രനെ വീണ്ടും രംഗത്തിറക്കുന്നത് ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. വിഭാഗീയതയെന്ന വെല്ലുവിളി നിലനിൽക്കുന്നുവെങ്കിലും നിർണായക പോരാട്ടത്തിന് ബിജെപി സജ്ജമാകുകയാണ്.