ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാന്‍ കഴിയാതെ ബി.ജെ.പി നേതൃത്വം. പത്തനംതിട്ട, തൃശൂര്‍ സീറ്റുകളെ സംബന്ധിച്ച് അതിരൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സമിതി സമര്‍പ്പിച്ചിരിക്കുന്ന പട്ടിക ദേശീയ നേതൃത്വം കാര്യമായി അഴിച്ചുപണി നടത്തുമെന്നാണ് സൂചന. തിരുവനന്തപുരത്ത് മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതൊഴിച്ചാല്‍ മറ്റുള്ള സീറ്റുകളെക്കുറിച്ചൊന്നും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
പത്തനംതിട്ടയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മുരളീധരപക്ഷം വിമുഖത പ്രകടപ്പിച്ചതായിട്ടാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ശനിയാഴ്ച രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എം.പി. തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പത്തനംതിട്ടയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പ്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യം ശക്തമായി എതിര്‍ത്തതായിട്ടാണ് സൂചന. പത്തനംതിട്ട തന്റെ പ്രവര്‍ത്തനകേന്ദ്രമാണന്നും അവിടെ മത്സരിക്കാനാണ് താത്പര്യമെന്നും കണ്ണന്താനം സംസ്ഥാന നേതാക്കളെയും നേരത്തെ അറിയിച്ചിരുന്നു. കെ. സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ സമവായമെന്ന രീതിയില്‍ തൃശൂര്‍ സീറ്റ് സുരേന്ദ്രന് നല്‍കാനാവും നേതൃത്വം ശ്രമിക്കുക.
Leave a Reply