തദ്ദേശ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന കുതിപ്പുമായി ബിജെപി. 2015 ലെ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തി. പന്തളം നഗരസഭ ഭരണം ബിജെപി പിടിച്ചു. ആകെയുള്ള 33 സീറ്റിൽ 17 ഇടത്ത് ബിജെപി ജയിച്ചു. എൽഡിഎഫിനെ പുറത്താക്കി നഗരസഭ ഭരണം ബിജെപി പിടിച്ചെടുത്തു. ശബരിമല യുവതീപ്രവേശം അടക്കമുള്ള വിഷയങ്ങൾ ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു.
ആറ്റിങ്ങലിലും വർക്കലയിലും യുഡിഎഫിനെ പിന്നിലാക്കി എൻഡിഎ രണ്ടാം സ്ഥാനത്ത്. അതിശയകരമായ നേട്ടമാണിത്. വർക്കലയിൽ എൽഡിഎഫ് 12 സീറ്റുകളുമായി ലീഡ് ചെയ്യുമ്പോൾ എൻഡിഎ 11സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. ഷൊർണൂരിൽ എൽഡിഎഫ് ഒൻപത് സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൻഡിഎ എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. യുഡിഎഫ് നാല് സീറ്റുകളുമായി മൂന്നാം സ്ഥാനത്ത്.
ഉള്ള്യേരി പഞ്ചായത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സഹോദരൻ തോറ്റു. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാർഥി കെ. ഭാസ്‌കരന്‍ ആണ് പരാജയപ്പെട്ടത്.എല്‍ഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ അസ്സയിനാര്‍ 89 വോട്ടിന് ഇവിടെ ജയിച്ചു. 441 വോട്ടാണ് അസ്സയിനാറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഷെമീർ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു.
അതേസമയം, കെ.സുരേന്ദ്രന്റെ സ്വന്തം വാർഡിൽ ബിജെപി സ്ഥാനാർഥി ജയിച്ചു. അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിച്ച ബൈജു കൂമുള്ളിയാണ് വിജയിച്ചത്. അമ്പത്തിയെട്ടു വോട്ടിനാണ് ജയം. ഇടതു ആധിപത്യമുള്ള അത്തോളിയില്‍ ഇത് ആദ്യമായാണ് ബിജെപി വിജയം നേടുന്നത്.
Leave a Reply