പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് പോയ പന്തളം സ്വദേശി സദാശിവന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. സദാശിവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍ നടത്തുന്നത്. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് ആറുമണി വരെയാണു ഹര്‍ത്താല്‍. പോലീസ് നടപടിയെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇയാളുടെ മരണത്തിന് പോലീസ് നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പത്തനംതിട്ട എസ്.പി നേരത്തെ വ്യക്തമാക്കിയിരുന്നു.

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം വര്‍ധിച്ചതോടെ കടുത്ത നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പോലീസ് ഫെയിസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 18 മുതല്‍ കാണാതായ സദാശിവന്റെ മൃതദേഹം വ്യാഴാഴ്ചയാണ് പമ്പ കമ്പകത്തുംവളവില്‍ കണ്ടെത്തിയത്. ശബരിമല ദര്‍ശനത്തിനു വരുംവഴി അപകടത്തില്‍പ്പെട്ടതാകാമെന്നു പൊലീസ് പറയുന്നത്. സദാശിവന്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒക്ടോബര്‍ 18-ന് രാവിലെ സ്‌കൂട്ടറില്‍ ശബരിമലയിലേക്ക് പോയതായി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എല്ലാ മലയാളമാസവും ഒന്നാംതീയതി ശബരിമലയ്ക്ക് പോകാറുള്ള വ്യക്തിയാണ് ഇദ്ദേഹം. ശബരിമല ദര്‍ശനത്തിന് ശേഷം ഇയാള്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷവും മടങ്ങിയെത്താതിനെ തുടര്‍ന്ന് ഇവര്‍ പമ്പ, പെരുനാട്, നിലയ്ക്കല്‍ പോലീസ് സ്റ്റേഷനുകളിലും 24-ന് പന്തളം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.