ബിജെപി നേതാവും സോഷ്യല്‍ മീഡിയ താരവുമായ സോനാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഓഗസ്റ്റ് 22ന് രാത്രിയിലാണ് 42 വയസ്സുകാരിയായ സോനാലി ഗോവയില്‍ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സുഹൃദ് സംഘത്തിനൊപ്പമാണ് സോനാലി ഫോഗട്ട് ഗോവയിലേക്ക് പോയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദുരൂഹത ഉന്നയിച്ച് കുടുംബം രംഗത്തെത്തിയെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ഥ കാരണം സ്ഥിരീകരിക്കാനാവുകയുള്ളൂ എന്നാണ് പോലീസ് വിശദീകരണം. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രമില്‍ നാല് ചിത്രങ്ങളും സോനാലി പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്നത് കുടുംബം അംഗീകരിക്കുന്നില്ല. ‘അവള്‍ ഫിറ്റ്‌നസിലും ആരോഗ്യത്തിലും ഏറെ ശ്രദ്ധനല്‍കുന്നയാളാണ്. അവള്‍ക്ക് യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. മരിക്കുന്ന ദിവസം വൈകുന്നേരം സോനാലി ഫോണില്‍ വിളിച്ചിരുന്നു. വാട്ട്‌സാപ്പില്‍ സംസാരിക്കണമെന്ന് പറഞ്ഞു. ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്തു. തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. മരണവുമായി ബന്ധപ്പെട്ട് എന്തോ ദുരൂഹതയുണ്ട്’ സോനാലിയുടെ സഹോദരി പ്രതികരിച്ചു.
ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥത തോന്നുന്നതായി സോനാലി അമ്മയെ വിളിച്ചുപറഞ്ഞിരുന്നു. എന്തോ ഒരു സംശയം അവള്‍ക്കും തോന്നിയിരിക്കാം. അവള്‍ക്കെതിരേ ഗൂഢാലോചന നടന്നതായി ഞങ്ങളും സംശയിക്കുന്നുവെന്ന് സഹോദരനും പ്രതികരിച്ചു. സിബിഐ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ബിജെപി നേതാവ് കൂടിയായ സോനാലി സോഷ്യല്‍ മീഡിയ കണ്ടന്റ് നിര്‍മാതാവും ടിക് ടോക് താരവുമായിരുന്നു. 2020ലെ ബിഗ് ബോസ് ടിവി ഷോയിലൂടെയാണ് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 2019ല്‍ ഹരിയാനയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.സോനാലിയുടെ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ട് 2016ല്‍ മരണപ്പെട്ടിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്.
Leave a Reply