ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ജയിച്ച, വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന പരമ്പരയും ജയിച്ച് ചരിത്രം കുറിച്ചു. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് ഇന്ത്യയെ ഏകദിന പരമ്പര ജയത്തിലേയ്ക്ക് നയിച്ചത്. ആദ്യ മത്സരം തോറ്റ ഇന്ത്യ രണ്ടാം മത്സരം ജയിച്ച് ഒപ്പത്തിനൊപ്പമെത്തിയിരുന്നു. മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. 114 പന്തില്‍ നിന്ന് 87 റണ്‍ നേടി പുറത്താകാതെ നിന്ന ധോണിയാണ് ഇന്ത്യയെ 2-1ന്റെ പരമ്പര വിജയത്തിലേയ്ക്ക് നയിച്ചത്. തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും ധോണി അര്‍ദ്ധ സെഞ്ചുറി നേടി.

മെല്‍ബണ്‍ ഏകദിനത്തില്‍ 231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയും നേരത്തെ നഷ്ടപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ധോണിയും ചേര്‍ന്നുള്ള
54 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 46 റണ്‍സെടുത്ത് കോഹ്ലി പുറത്തായി. പിന്നീട് 57 പന്തില്‍ നിന്ന് 61 റണ്‍സുമായി പുറത്താകാതെ നിന്ന കേദാര്‍ ജാദവ് ആണ് ധോണിക്ക് ഉറച്ച പിന്തുണയുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 50 ഓവര്‍ പൂര്‍ത്തിയാകാന്‍ നാല് പന്തുകള്‍ ബാക്കിയിരിക്കെ ഇന്ത്യ ലക്ഷ്യം കണ്ടു.

Image result for sports-india-win-first-bilateral-odi-series-in-australia-ms-dhoni-stunning-performance

നേരത്തെ ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 48.4 ഓവറില്‍ 230 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ ഔട്ടായി. 42 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2004ലെ പരമ്പരയില്‍ മെല്‍ബണില്‍ പേസര്‍ അജിത് അഗാര്‍ക്കറും ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 63 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് മാത്രമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയില്‍ പിടിച്ചുനിന്നത്. ഹാന്‍ഡ്‌സ്‌കോംബിനെ വീഴ്ത്തിയതും ചഹല്‍ തന്നെ. മുപ്പതാമത്തെ ഓവര്‍ ആയപ്പോള്‍ അഞ്ച് വിക്കറ്റിന് 123 എന്ന പരിതാപകരമായ നിലയിലായിരുന്നു ഓസീസ്. 19 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ് വെല്‍ ആണ് അവര്‍ക്ക് പിന്നീട് ആശ്വാസം നല്‍കിയത്.