മലപ്പുറം: പ്രവാസി വ്യവസായി കെ.ടി റബീയുള്ളയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് അസ്ലം കുരിക്കള്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ ഗണ്‍മാന്‍ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, ഉസ്മാന്‍, രമേശ്, സുനില്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിസിനസ് തര്‍ക്കങ്ങളാണ് അക്രമത്തിനു കാരണമെന്നാണ് വിവരം.
റബീയുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇവര്‍ തോക്കുകള്‍ കാണിച്ച് സെക്യൂരിറ്റി ജീവനക്കാരെ ഭീഷണിപ്പെടുത്തി. വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കല്‍ എന്നിവയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ മൂന്ന് കാറുകളില്‍ എത്തിയാണ് ഇവര്‍ അതിക്രമം നടത്തിയത്. ഇവര്‍ ഗേറ്റും മതിലും ചാടിക്കടക്കാന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ മതിലിനു പുറത്തു നിന്നവരെ ചോദ്യം ചെയ്യുകയും വ്യക്തമായ മറുപടി നല്‍കാത്തതിനാല്‍ ഇവരെ തുരത്തുകയും ചെയ്തിരുന്നു.
വാഹനങ്ങൡ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ടയറുകളില്‍ നിന്ന് കാറ്റഴിച്ചു വിട്ടിരുന്നതിനാല്‍ സാധിച്ചില്ല. മൂന്നു പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടി. ഒരു കര്‍ണാടക പോലീസുകാരനുള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റബീയുള്ളയെ കാണാനില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. താന്‍ കേരളത്തിലുണ്ടെന്ന് പിന്നീട് റബീയുള്ള തന്നെ വീഡിയോ സന്ദേശത്തില്‍ അറിയിച്ചിരുന്നു.
Leave a Reply