‘ഞാനീ മക്കളെയുംകൊണ്ട് എന്തുചെയ്യും? ഒറ്റയ്ക്ക് എനിക്കൊരു ശക്തിയുമില്ല. എന്നെ എന്തിനാ വിധവയാക്കിയത്.’ നെഞ്ചുപൊട്ടുന്ന നിലവിളിയോടെ രഞ്ജിത്ത് ശ്രീനിവാസന്റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ചുള്ള ഭാര്യ അഡ്വ. ലിഷയുടെ പൊട്ടിക്കരച്ചില്‍ കൂടിനിന്നവരുടെയും കണ്ണുകളെ നനയിച്ചു. അച്ഛാ.. അച്ഛാ… എന്നുറക്കെ വിളിച്ച് വാവിട്ട് കരയുന്ന മക്കള്‍ ഹൃദ്യയും ഭാഗ്യയും നോവ് കാഴ്ചയായി. ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍.

മൃതദേഹം വലിയഴീക്കലിലെ വീട്ടിലേക്കു സംസ്‌കാരത്തിനു കൊണ്ടുപോകുംവരെ രഞ്ജിത്ത് ശ്രീനിവാസനുമൊത്തുള്ള ഓരോ നല്ലനിമിഷവും ഓര്‍ത്തെടുത്തായിരുന്നു ലിഷയുടെ പൊട്ടിക്കരച്ചില്‍. ‘ഞാന്‍ കരയുമ്പോഴൊക്കെ ഏട്ടന്‍ പറയും. കരയരുത് നീ രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യയാ. കരയാന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല.’ ഇതെല്ലാം കേട്ടപ്പോള്‍ രഞ്ജിത്തിന്റെ അമ്മ വിനോദിനിക്കും സഹിക്കാനായില്ല. അടക്കി വെച്ചിരുന്ന സങ്കടം അണപ്പൊട്ടിയൊഴുകി.

അന്തിമോപചാരമര്‍പ്പിക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെ ലിഷയുടെ സങ്കടം ഇരട്ടിച്ചു. ‘ഏട്ടന്‍ പറയും. ഞാന്‍ സ്വയംസേവകനായി ജീവിക്കും, സ്വയംസേവകനായി മരിക്കും എന്ന്. അറംപറ്റുന്ന വാക്കു പറയല്ലേ എന്ന് ഞാന്‍ പറഞ്ഞതാ. കേട്ടില്ല. ശത്രുക്കളാരുമില്ലായിരുന്നു. എല്ലാവരും മിത്രങ്ങളായിരുന്നു.’ – ലിഷയ്ക്കു സങ്കടം അടക്കാനായില്ല. മൃതദേഹം സംസ്‌കാരത്തിനു കൊണ്ടുപോകാനെടുക്കുമ്പോള്‍ ലിഷ പറഞ്ഞു.

‘എനിക്കൊന്നുമറിയില്ല. എന്തു ചെയ്യണമെന്നു പറഞ്ഞിട്ടു പോകൂ…’ ഏട്ടന് ഏറെ ഇഷ്ടമുള്ള വേഷമാണ് ഗണവേഷം. അതുധരിപ്പിച്ചേ യാത്രയാക്കാവൂ. രഞ്ജിത് ശ്രീനിവാസന്റെ മൃതദേഹം ചിതയിലേക്കെടുക്കുംമുന്‍പ് ഭാര്യ ലിഷ പറഞ്ഞു. സംഘപ്രവര്‍ത്തകര്‍ തൊപ്പിയും മറ്റും കൊണ്ടുവന്നു. ലിഷ തന്നെയാണ് അവസാനമായി രഞ്ജിത്തിനു തൊപ്പിവെച്ചുനല്‍കിയത്.