സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്കെതിരായ വേട്ടയാടല്‍ അവസാനിപ്പിക്കില്ലെന്ന സൂചന നല്‍കി ബിജെപി നേതാവും രംഗത്ത്. ദീപിക പദുകോണിന്റേയും ബന്‍സാലിയുടേയും തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഹരിയാനയിലെ ബിജെപി മുഖ്യ മാധ്യമ കോഡിനേറ്റര്‍ സുരാജ് പാല്‍ അമു പറഞ്ഞു.
ബന്‍സാലിയുടെയും ദീപികയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ചു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അഖില ഭാരതീയ ക്ഷത്രിയ യുവ മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ താക്കുര്‍ അഭിഷേക് സോം രംഗത്ത് വന്നതിന് പിന്നാലെയാണ് ബിജെപിയുടെ രംഗപ്രവേശം.
5 കോടി പ്രഖ്യാപിച്ച ഇയാളേയും ഹരിയാനയില്‍ നിന്നുളള ബിജെപി നേതാവ് അഭിനന്ദിച്ചു. ഇരുവരുടേയും തല കൊയ്യുന്നവര്‍ക്ക് 10 കോടിയും തല കൊയ്യുന്നവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്നും ഇയാള്‍ പറഞ്ഞു.
പത്മാവതിക്ക് പ്രദര്‍ശനാനുമതി നല്‍കും മുമ്പ് ചിത്രത്തിനെതിരെ ഉയരുന്ന പൊതു കാഴ്ചപ്പാടും വിയോജിപ്പും കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കൊലവിളികള്‍ ഉയരുന്നത്. രജ്പുത് സേന ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നാണ് പത്മാവതിക്കെതിരെ എതിര്‍പ്പുയരുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് എതിര്‍പ്പ്.
റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയിൽ നായകനെക്കാൾ നായികയ്ക്കാണ് പ്രധാന്യം. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺവീർ സിങ്ങും ഷാഹിദ് കപൂറും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അലാവുദ്ദീൻ ഖിൽജിയുടെ വേഷമാണ് രൺവീറിന്. റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷമാണ് ഷാഹിദ് കപൂർ ചെയ്യുന്നത്. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് റിലീസ് തീയതി നീട്ടിയിട്ടുണ്ട്
Leave a Reply