ന്യൂഡൽഹി∙ ഗുജറാത്തിൽനിന്നുള്ള ബിജെപി എംപി കെ.സി.പട്ടേലില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആരോപണവിധേയയായ യുവതി പൊലീസ് കസ്റ്റഡിയില്‍. അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുകോടി രൂപ തട്ടാന്‍ യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചെന്നാണ് എംപിയുടെ പരാതി. എംപിമാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇവരെന്നാണ് പൊലീസിന്റെ അനുമാനം. ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, എംപി തന്നെ മാനഭംഗപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണ വിധേയയായ യുവതിയുടെ വാദം. സ്വയരക്ഷയ്ക്കായാണ് വിഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും അവര്‍ പറയുന്നു. മാർച്ച് മൂന്നിന് അത്താഴവിരുന്നിനെന്ന പേരിൽ വീട്ടിൽ വിളിച്ചുവരുത്തിയാണ് എംപി തന്നെ മാനഭംഗപ്പെടുത്തിയത്. സംഭവം പുറത്തുവിട്ടാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യപ്പെടുത്തൽ പതിവായതോടെ പൊലീസിനെ സമീപിച്ചെങ്കിലും അവർ പരാതി സ്വീകരിക്കാൻ തയാറായില്ലെന്നും യുവതി ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് എംപിയുടെ പരാതിയിൽ പറയുന്നതിങ്ങനെ: എംപിയെന്ന നിലയിൽ തന്റെ സഹായം തേടിയാണ് യുവതി എത്തിയത്. പിന്നീട്, ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ തന്നെ ശീതളപാനീയത്തിൽ ഉറക്കഗുളിക ചേർത്തു നൽകി മയക്കി. ബോധം തെളിഞ്ഞപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിയുന്നത്. നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും കാട്ടി സംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതോടെ പരാതി നൽകുകയായിരുന്നു.
Leave a Reply