ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിൻറെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപവത്കരിക്കാൻ നീക്കം. രണ്ടു കേരള കോൺഗ്രസുകളിലെ രണ്ട് മുൻ എം.എൽ.എ.മാർ, വിരമിച്ച ഒരു ബിഷപ്പ് എന്നിവരുടെ നേതൃത്വത്തിൽ മാസങ്ങൾക്കുമുമ്പുതന്നെ ഇതിന്റെ ചർച്ച തുടങ്ങിയതാണ്. അടുത്തിടെ നടന്ന ചർച്ചയിൽ കേരളത്തിലെ പ്രമുഖ ബി.ജെ.പി. നേതാവ് പങ്കെടുത്തിരുന്നു.

കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാനമാനങ്ങൾ വേണമെന്ന് ചർച്ചയ്ക്കെത്തിയവർ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു സമാന്തരമായി തെക്കൻകേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിൽ പുതിയ പാർട്ടിക്ക് ചർച്ചതുടങ്ങി. തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാവാണ് ഇതിനു ചുക്കാൻപിടിക്കുന്നത്. പെന്തക്കോസ്തു വിഭാഗങ്ങളെയും പുതിയ സംഘടനയുമായി സഹകരിപ്പിക്കാൻ ശ്രമമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി. അനുകൂല ക്രൈസ്തവ ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് പെന്തക്കോസ്തുവിഭാഗങ്ങളുടെ പിന്തുണ തേടുന്നത്. രണ്ടു ഗ്രൂപ്പുകളെയും ചേർത്ത് പുതിയ പാർട്ടി രൂപവത്കരിച്ച് എൻ.ഡി.എ.യിൽ എത്തിക്കാനാണ് നീക്കം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യാഴാഴ്ച കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ജോൺ ബർല ചില സംഘടനകളുമായി ഇക്കാര്യങ്ങൾ സംബന്ധിച്ച് ആശയവിനിമം നടത്തിയതായി സൂചനയുണ്ട്. ഇതിൽ ഒരു സംഘടനയെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാനും ആലോചനയുണ്ട്. ബി.ജെ.പി. കേന്ദ്ര നേതൃത്വവും സഭാനേതൃത്വങ്ങളും തമ്മിലുള്ള ആശയവിനിമയം എന്നനിലയിലാണ് ജോൺ ബർലയുടെ സന്ദർശനം. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. പ്രഭാരി സി.പി.രാധാകൃഷ്ണനുമായി വ്യാഴാഴ്ച രാവിലെ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

വിദേശസംഭാവന നിയന്ത്രണനിയമത്തിൽ ഇളവുവേണമെന്ന് കേന്ദ്രസർക്കാരിനോട് ചില ക്രൈസ്തവ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രം അടക്കം വെള്ളിയാഴ്ച മന്ത്രി സന്ദർശിക്കും. ഇക്കാര്യത്തിൽ ചില സംഘപരിവാർ സംഘടനകൾക്ക് വിയോജിപ്പാണെന്നും പറയുന്നുണ്ട്.