ലണ്ടന്‍: ബ്ലെയര്‍ പക്ഷപാതികളായ ലേബര്‍ പാര്‍ട്ടി എംപിമാര്‍ പിറന്നത് തന്നെ ഭരിക്കാനാണെന്ന മട്ടില്‍ പെരുമാറുന്നുവെന്ന് മുതിര്‍ന്ന പാര്‍ലമെന്റംഗം റോണി കാംപ്‌ബെല്‍. തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കാനുളള ചുമതല തങ്ങള്‍ക്കാണെന്നും ഇവര്‍ കരുതുന്നു. ഇനി മുതല്‍ നാവടക്കി പുതിയ നേതാവായ ജെറെമി കോര്‍ബിനെ അദ്ദേഹത്തിന്റെ കര്‍ത്തവ്യങ്ങളില്‍ സഹായിക്കാനും അദ്ദേഹം നേതാക്കളോട് ആവശ്യപ്പെടുന്നു. നോര്‍ത്തംബര്‍ലാന്റിലെ ബ്ലിത്ത്‌വാലിയെ കാലങ്ങളായി പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന നേതാവാണ് റോണി. പാര്‍ലമെന്റ് മാസികയായ ദി ഹൗസിന് നല്‍കിയ അഭിമുഖത്തിലാണ് കോര്‍ബിനെതിരെ പടയൊരുക്കം നടത്തുന്നവര്‍ക്കെതിരെ റോണി ആഞ്ഞടിച്ചത്.
ഇത്തരക്കാരാണ് ലേബര്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും റോണി കൂട്ടിച്ചേര്‍ത്തു. ഇവര്‍ ടോറികളെ പോലെ പെരുമാറുന്നു. തങ്ങളെ സൃഷ്ടിച്ചത് തന്നെ ഭരിക്കാനാണെന്ന് ഇവര്‍ തെറ്റിദ്ധരിക്കുന്നു. എല്ലാക്കാലവും ഭരിക്കേണ്ടത് തങ്ങളാണെന്നും ഇവര്‍ ധരിച്ച് വച്ചിരിക്കുകയാണ്. ഇതേ സ്ഥിതിയില്‍ തന്നെയാണ് ബ്ലെയര്‍ അനുകൂലികളും ഇപ്പോള്‍ പെരുമാറുന്നത്. ബ്ലെയര്‍ പക്ഷത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന ലിസ് കെന്‍ഡലിന് വെറും 4.5ശതമാനം വോട്ട് മാത്രമാണ് നേതൃത്വ തെരഞ്ഞെടുപ്പില്‍ നേടാനായത്. എന്നാല്‍ മിതവാദി സ്ഥാനാര്‍ത്ഥികളായ യിവെറ്റ് കൂപ്പറും ആന്‍ഡി ബേണ്‍ഹാമും ഇതിനേക്കാള്‍ കൂടുതല്‍ വോട്ട് നേടി.
ബ്ലെയറിന്റെ നയങ്ങളില്‍ അസ്വസ്ഥരായ പാര്‍ട്ടി അംഗങ്ങളാണ് കോര്‍ബിനെ നേതൃത്വത്തിലെത്തിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ വലത് വ്യതിയാനം പാര്‍ട്ടിയെ തെറ്റിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബ്ലെയര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നത് തനിക്ക് അത്ര പിടിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ ഞാന്‍ നാവടക്കാന്‍ സ്വയം നിര്‍ദേശിച്ചു. ജെറെമിയുടെ കാര്യത്തിലും എല്ലാവരും അതാണ് ചെയ്യേണ്ടത്. എല്ലാവരും നാവടക്കുക. പാര്‍ട്ടിയുടെ ഇടത് പക്ഷ നയങ്ങളോട് പക്ഷേ റോണിയ്ക്ക് അത്ര മതിപ്പില്ല. ഇത്തരം തീവ്ര ഇടതു ചിന്തകള്‍ 2020 തെരഞ്ഞെടുപ്പില്‍ കോര്‍ബിന് നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
വലിയ ഭൂരിപക്ഷം നേടി പാര്‍ട്ടി നേതൃത്വത്തില്‍ അവരോധിതനായെങ്കിലും ജെര്‍ബി കോര്‍ബിന്‍ സ്വന്തം പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് തന്നെ നിത്യവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. തന്നോട് കൂറ് പുലര്‍ത്താത്ത രണ്ട് ഷാഡോ മന്ത്രിമാരെയാണ് ഈയിടെ നടന്ന ഷാഡോ മന്ത്രിസഭാ പുനഃസംഘടനയില്‍ കോര്‍ബിന്‍ ഒഴിവാക്കിയത്. ആഴ്ച തോറും നടക്കുന്ന ലേബര്‍ പാര്‍ട്ടി യോഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചാകരയാണ് സമ്മാനിക്കുന്നത്.
മുന്‍ കല്‍ക്കരി മന്ത്രിയായിരുന്ന ക്യാംപ്‌ബെല്‍ 1984ലെ ഖനി സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇദ്ദേഹം പാര്‍ലമെന്റിലെത്തുന്നത്. 1987 മുതല്‍ ഇദ്ദേഹം തന്റെ കുത്തകയാക്കിയിരിക്കുകയാണ് ഈ സീറ്റ്. സമരകാലത്ത് ഇദ്ദേഹം രണ്ട് തവണ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് മൈല്‍ അടുത്തുളള പ്രാദേശിക കല്‍ക്കരി ഖനിയിലേക്ക് ഇദ്ദേഹം കടക്കുന്നതും നിരോധിച്ചിരുന്നു. പാര്‍ട്ടിയുടെ തീവ്ര ഇടത് ചിന്തയില്‍ നിന്ന് അകലം സൂക്ഷിക്കുന്നതിനാല്‍ കോര്‍ബിന്റെ നേതൃത്വത്തിലുളള പാര്‍ട്ടിയില്‍ പിന്‍നിരക്കാനാണ് ഇദ്ദേഹം.