കോവിഡ് 19 അടക്കം സര്‍ക്കാര്‍ പ്രത്യേകം വിജ്ഞാപനം ചെയ്തിട്ടുള്ള രോഗങ്ങള്‍ മൂലം മരണപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്തുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിയ്ക്കും. തമിഴ്നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.

പ്രത്യേക രോഗം ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരം തടയുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. കുറ്റക്കാര്‍കക്കെതിരെ 1939ലെ തമിഴ്നാട് പബ്ലിക്ക് ഹെല്‍ത്ത് ആക്ടിലെ 74-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈയില്‍ അടുത്തിടെ കോവിഡ് 19 ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെ ശവസംസ്‌കാര ചടങ്ങ് തടസപ്പെടുത്തുകയും അക്രമാസക്തരായ ജനക്കൂട്ടം ആരോഗ്യ പ്രവര്‍ത്തകരെയും തദ്ദേശ സ്ഥാപന ജീവനക്കാരെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെന്നൈയില്‍ കോവിഡ് 19 ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെയും ശവസംസ്‌കാര ചടങ്ങും അന്ത്യകര്‍മങ്ങളും നിശ്ചയിച്ചിരുന്ന സ്ഥലത്ത് നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനു പുറമെ ഒരു ഓര്‍ത്തോപീഡിക് സര്‍ജന് സഹപ്രവര്‍ത്തകനായ ന്യൂറോ സര്‍ജന്റെ മൃതദേഹം ശ്മശാനത്തില്‍ രാത്രി രണ്ട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സ്വയം മറവുചെയ്യേണ്ടിയും വന്നിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയവരെ ജനക്കൂട്ടം ഭയപ്പെടുത്തി ഓടിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

സംഭവത്തില്‍ നിരവധി പേരെ അറസ്റ്റു ചെയ്തിരുന്നു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്ട് അടക്കമുള്ളവ ചുമത്തുമെന്ന് ഇതേത്തുടര്‍ന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.