മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ നിലപാടിനെ വിമർശിച്ച് നടി പത്മപ്രിയ. അമ്മ സംഘടന അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെയാണ്. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതിൽ കാര്യമുള്ളൂവെന്നും താരം പറഞ്ഞു.

എന്നാൽ, പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു.

സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാനും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനും ഇടപെടൽ തേടി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവിയുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ.

ആക്രമിക്കപ്പെട്ട നടിയെ സോഷ്യൽ മീഡിയയിൽ പിന്തുണച്ചവരുടെ പ്രൊഡക്ഷൻ കമ്പനികൾ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് നടി പാർവതി തിരുവോത്ത്.

സമൂഹമാധ്യമങ്ങളിൽ പിന്തുണ അറിയിച്ചാൽ മാത്രം പോരെന്നും പാർവതി പറഞ്ഞു. ‘അതിജീവിച്ചവളെ പിന്തുണച്ച് പലരും സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്.

അവരുടെയൊക്കെ പ്രൊഡക്ഷൻ ഹൗസിൽ ഇൻറേണൽ കംപ്ലെയ്ൻറ് കമ്മിറ്റി ഉണ്ടോ എന്നുള്ളത് മീഡിയയും വനിതാ കമ്മീഷനും കണ്ടുപിടിക്കണം.

എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്‌ലൈൻ മാത്രം വന്നിട്ടുപോയാൽ പോരാ. നിയമപരമായിട്ട് കംപ്ലെയിൻറ് സെൽ പ്രൊഡക്ഷൻ കമ്പനികളിലുണ്ടോ എന്ന് പരിശോധിച്ചാൽ ഒരു ശതമാനം പോലും ഇല്ല എന്നു കണ്ടുപിടിക്കാനാവുമെന്നും പാർവതി പറഞ്ഞു.

വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ നടിമാരായ പാർവതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ എന്നിവരാണ് സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്.