ബ്രസല്‍സ്: നിലവിലുള്ള ബര്‍ഗന്‍ഡി നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുന്നതോടെ ബ്രീട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യാത്രകളില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകള്‍ നഷ്ടമാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും ബ്രിട്ടന്റെ പരമാധികാരത്തിന്റെയും ചിഹ്നം എന്ന നിലയിലാണ് നീല പാസ്‌പോര്‍ട്ടുകള്‍ വീണ്ടും അവതരിപ്പിക്കാന്‍ തെരേസ മേയ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കം ബ്രിട്ടീഷ് യാത്രക്കാരെ പിന്‍നിരയിലേക്ക് നയിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക നേതൃത്വം സൂചിപ്പിക്കുന്നത്.

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ യാത്രാ സ്വാതന്ത്ര്യം സംബന്ധിച്ച് തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ ബ്രിട്ടീഷ് ജനതയ്ക്ക് ലഭിക്കുന്ന വിസ ഇളവുകളും ഫാസ്റ്റ് ട്രാക്ക് സൗകര്യങ്ങളും നഷ്ടമാകും. ഇത് ഏത് നിറത്തിലുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും ബാധകമാകുമെന്നും വിവരമുണ്ട്. യൂറോപ്യന്‍ യാത്രകള്‍ക്കായി അമേരിക്കന്‍ എസ്റ്റ പദ്ധതിയുടെ മാതൃകയില്‍ യൂറോപ്യന്‍ യൂണിയന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (എറ്റിയാസ്) നടപ്പാക്കാന്‍ സാധ്യയുണ്ടെന്നും സൂചനയുണ്ട്. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിശ്ചിത തുകയടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.

നീല നിറത്തിലുള്ള പാസ്‌പോര്‍ട്ട് വീണ്ടും അവതരിപ്പിക്കാനുള്ള നീക്കത്തെ ബ്രെക്‌സിറ്റ് അനുകൂലികള്‍ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. 1988ല്‍ അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ ശൈലിയിലുള്ള ബര്‍ഗന്‍ഡി നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം അതിനു മുമ്പ് ഒരു നൂറ്റാണ്ടോളം കാലം നിലവിലുണ്ടായിരുന്ന നീല പാസ്‌പോര്‍ട്ട് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.