ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് കുട്ടികള്‍ എന്ന പോലെ തന്നെ കൗമാരക്കാരും, യുവാക്കളും അടിമപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. നിരവധി ഗെയിമുകള്‍ സമയം കൊല്ലിയായി പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും മനുഷ്യനെ കൊല്ലുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബ്ലൂ വെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ വരെ തുനിയുമെന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്ലൂ വെയ്ല്‍ ഗെയിം(നീലത്തിമിംഗലം) എന്നാണ് ഇതിന്റെ പേര്. കൗമാരക്കാരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് ഈ അതിഭീകര ഗെയിം.അമ്പത് ദിവസം നീണ്ടുനില്‍ക്കുന്നതാണിത്. ഏറ്റവും ഒടുവില്‍ മത്സരാര്‍ത്ഥിയെ ജീവത്യാഗത്തിന് വെല്ലുവിളിക്കുക, ഇതാണ് രീതി. നൂറിലധികം കൗമാരക്കാരാണ് ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഇരകളായി റഷ്യയില്‍ മാത്രം ജീവിതം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൗമാരക്കാരെ ആകര്‍ഷിച്ച് ഗെയിമില്‍ പങ്കാളികളാക്കി ഒടുവില്‍ ആത്മഹത്യ ചെയ്യിക്കുകയാണ് ഇവരുടെ രീതി. എന്താണ് ഇവരുട ലക്ഷ്യം എന്ന് ഇപ്പോഴും വ്യക്തമല്ല.ഏത് രാജ്യത്ത് നിന്നാണ് ബ്ലൂ വെയ്ല്‍ ഗെയിം ഓപ്പറേറ്റ് ചെയ്യുന്നത് എന്ന കാര്യത്തിലും ഇപ്പോഴും സ്ഥിരീകരണമില്ല. പക്ഷേ ഇവര്‍ ലക്ഷ്യമിടുന്നത് കൗമാരക്കാരായ കുട്ടികളെയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സീക്രട്ട് ഗ്രൂപ്പ് ആയിട്ടാണ് ഇവര്‍ പ്രത്യക്ഷപ്പെടുക. ഗ്രൂപ്പിലെ അംഗങ്ങള്‍ക്കായിട്ടാണ് മത്സരങ്ങള്‍. ഹൊറര്‍ സിനിമകളില്‍ തുടക്കം.
ഹൊറര്‍ സിനിമകള്‍ ഒറ്റയ്ക്ക് കാണാനാകുമോ എന്ന വെല്ലുവിളിയാണ് ആദ്യ ഘട്ടം. അത് പൂര്‍ത്തിയാക്കിയാല്‍ പിന്നെ ശരീരത്തില്‍ സ്വയം മുറിവേല്‍പിക്കല്ലാണ് അടുത്ത് പരിപാടി. സ്വയം മുറിവേല്‍പിച്ചാല്‍ മാത്രം പോര, അതിന്റെ ചിത്രങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും വേണം. തിമിംഗലത്തിന്റെ രൂപത്തില്‍ ശരീരത്തില്‍ മുറിവേല്‍പിച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.
അമ്പത് ദിവസങ്ങള്‍ നീളുന്ന, അമ്പത് ഘട്ടങ്ങളാണത്രെ ഇതില്‍ ഉള്ളത്. ഏറ്റവും ഒടുവില്‍ സ്വയം ജീവനെടുക്കാനായിരിക്കും വെല്ലുവിളി. അത് കേട്ട് അനേകം കുട്ടികള്‍ ഇതിനകം തന്നെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015-2016 വര്‍ഷങ്ങളില്‍ റഷ്യയില്‍ നടന്ന കുട്ടികളുടെ ആത്മഹത്യത്തില്‍ 130 എണ്ണം ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായിട്ടാണോ എന്ന സംശയം ആണ് ഇപ്പോള്‍ ഉയരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു നീലത്തിമിംഗലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം ആണ് യൂലിയ കോണ്‍സ്റ്റാന്റിനോവ എന്ന 15 കാരി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നില്‍ ബ്ലൂ വെയ്ല്‍ ഗെയിം തന്നെ ആണെന്ന് സംശയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ട്.
ഒറ്റ നോട്ടത്തില്‍ ശ്രദ്ധയില്‍ പെടുന്നതല്ല ഈ ഗെയിം എന്നതാണ് ഏറ്റവും ഭീകരം. കുട്ടികള്‍ ഈ സംഘത്തിന് കീഴ്‌പ്പെട്ടോ എന്ന കാര്യം രക്ഷിതാക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല. റഷ്യയില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും ഈ ഗൂഢവിനോദവുമായി ബ്ലൂ വെയ്‌ലിന്റെ ഇന്റര്‍നെറ്റ് ശൃംഖല പരന്നുകിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Leave a Reply