ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇലക്ട്രിക് കാർ വിപണിയിലെ ഡിമാൻഡ് കുറഞ്ഞതിനെ തുടർന്ന് ഓക്സ്ഫോർഡിലെ കാർ നിർമ്മാണ യൂണിറ്റിലേയ്ക്കുള്ള നിക്ഷേപം ബിഎംഡബ്ല്യു താത്കാലികമായി മരവിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 600 മില്യൺ പൗണ്ട് നിക്ഷേപം ആണ് ബിഎംഡബ്ല്യു ഗ്രൂപ്പ് താൽകാലികമായി നിർത്തിവച്ചത്. ഈ യൂണിറ്റ് 2000 ആണ്ടു മുതൽ ബിഎംഡബ്ല്യുവിന്റെ കാർ നിർമ്മാണ ഫാക്ടറിയാണ്. 2023 ലാണ് ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി ഫാക്ടറി നവീകരിക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചത്.
സർക്കാരിൻറെ കൂടി പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്. പുതിയ നിക്ഷേപ പദ്ധതിയിലൂടെ ഏകദേശം 4000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പദ്ധതി ബിഎംഡബ്ല്യു ഉപേക്ഷിച്ചതോടെ പ്രതീക്ഷിച്ചിരുന്ന പുതിയ തൊഴിൽ സാധ്യതകളും വെള്ളത്തിലായിരിക്കുകയാണ്. വാഹന വ്യവസായ മേഖല നേരിടുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഓക്സ്ഫോർഡിലെ ഇലക്ട്രിക് വാഹന ഉത്പാദനം ബിഎംഡബ്ല്യു ഗ്രൂപ്പ് അവലോകനം ചെയ്യുകയാണെന്ന് കമ്പനി ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
ബ്രിട്ടീഷ് മോട്ടോർ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള മിനി കാർ 1994 ലാണ് ബിഎംഡബ്ല്യു ഏറ്റെടുക്കുന്നത്. 2001 മുതൽ തങ്ങൾ ഡിസൈൻ ചെയ്ത മിനി കാർ ആണ് ബിഎംഡബ്ല്യു നിരത്തിലിറക്കുന്നത്. 2023 മുതൽ മിനി കാറിന്റെ ഇലക്ട്രിക് വാഹനത്തിനായാണ് നവീകരണ പദ്ധതികൾ പ്രഖ്യാപിച്ചത്. പഴയതുപോലെ ഓക്സ്ഫോർഡ് പ്ലാൻറ് പെട്രോൾ ഇന്ധനം ഉപയോഗിച്ചുള്ള കാർ നിർമ്മാണം തുടരുമെന്ന് കമ്പനി അറിയിച്ചു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സൈറ്റ് 2030 ആകുമ്പോൾ പൂർണ്ണമായും വൈദ്യുതി അടിസ്ഥാനമായുള്ള വാഹനങ്ങൾ നിർമ്മിക്കാനുള്ള പ്ലാന്റ് ആയി മാറ്റുമെന്നായിരുന്നു കണക്കു കൂട്ടപ്പെട്ടിരുന്നത്. കമ്പനിയുടെ നിക്ഷേപ പദ്ധതികൾ നിർത്തലാക്കുന്നത് ഈ പ്രതീക്ഷകളെ ആണ് അട്ടിമറിച്ചത്. ഇതിനിടെ പെട്രോൾ, ഡീസൽ വാഹന നിരോധനം 2030-ൽ ഉണ്ടാകുമെന്ന് യുകെ സർക്കാർ അറിയിച്ചിരുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെങ്കിലും, ഉയർന്ന വിലയും മതിയായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇല്ലാത്തത് കൊണ്ടും വൈദ്യുത വാഹനങ്ങളുടെ ഡിമാൻഡ് കുറവാണെന്ന് ഓട്ടോമോട്ടീവ് വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വില കൂടുതലാണെന്നത് ഇലക്ട്രിക് വാഹന വിപണിയിൽ നിന്ന് ആളുകൾ പിൻവാങ്ങുന്നതിൻ്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
Leave a Reply