നടിക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന പ്രതികരണവുമായി ബോബി ചെമ്മണ്ണൂര്‍. കേസിലെ അറസ്റ്റ് നടപടികള്‍ക്കായി പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നടി ഹണി റോസിന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ ഫാംഹൗസില്‍നിന്ന് കാറില്‍ പുറത്തേക്കിറങ്ങിയപ്പോള്‍ പുറത്ത് കാത്തിരുന്ന പോലീസ് സംഘം കാര്‍ വളഞ്ഞ് ബോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോകുകയോ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയോ ചെയ്യുന്നത് തടയാനായിരുന്നു പോലീസിന്റെ ഈ അതിവേഗനീക്കം. ഫാംഹൗസില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ പിന്നീട് എ.ആര്‍. ക്യാംപിലേക്കാണ് കൊണ്ടുപോയത്. അവിടെന്ന് പോലീസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു.

ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ബോബി ചെമ്മണ്ണൂരുമായി പോലീസ് സംഘം കൊച്ചിയിലെത്തിയത്. ബോബിയെ കൊണ്ടുവരുന്നതറിഞ്ഞ് മാധ്യമപ്രവർത്തകരും ജനങ്ങളും സ്റ്റേഷന് സമീപമുണ്ടായിരുന്നു. തുടര്‍ന്ന് തിരക്കിനിടയിലൂടെ പോലീസ് പ്രതിയെ പുറത്തിറക്കി സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി.

ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ചതിന് പിന്നാലെ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ചോദ്യംചെയ്തുവരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബോബി ചെമ്മണ്ണൂരിനെ ബുധനാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കിയേക്കില്ലെന്നാണ് സൂചന. വ്യാഴാഴ്ചയാകും കോടതിയില്‍ ഹാജരാക്കുക. ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ഫോണും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം.

അതിനിടെ, കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകീട്ട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്. കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കാതിരിക്കാനാണ് പോലീസ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

നടൻ സിദ്ദിഖ് ഉൾപ്പെട്ട ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയൻ മുൻകൂർ ജാമ്യം എടുത്തത് പോലീസിന് തിരിച്ചടിയായിരുന്നു. ഹണി റോസിന്റെ പരാതിയിൽ പോലീസ് നടത്തിയ ചടുല നീക്കം മുൻകൂർ ജാമ്യാപേക്ഷയുമായി ആരോപണ വിധേയൻ കോടതിയെ സമീപിക്കുന്നത് ഒഴിവാക്കാനായി.

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് നടപടിയില്‍ ഹണി റോസ് നന്ദി അറിയിച്ചു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം.