റഷ്യൻസേനയുടെ ആക്രമണത്തിൽ തകർന്ന യുക്രെയ്ൻ തുറമുഖനഗരമായ മരിയുപോളിൽ കൂട്ടക്കുഴിമാടങ്ങൾ. ഓരോ കുഴിമാടങ്ങളിൽ ഇരുനൂറിലധികം പേരെ അടക്കം ചെയ്തിരിക്കുന്നതായി മേഖലയിലെ മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
നാശനഷ്ടങ്ങളുടെ തോത് വിലയിരുത്താൻ ശ്രമിച്ചുവരികയാണെന്ന് യുക്രെയ്നിലെ യുഎൻ മനുഷ്യാവകാശ നിരീക്ഷണ ദൗത്യസംഘ മേധാവി മട്ടിൽഡ ബോഗ്നർ അറിയിച്ചു. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത്. അതിലൊന്നിൽ ഏകദേശം 200 പേർ ഉണ്ടെന്നാണ് കണക്കാക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ മരിച്ചവരെല്ലാം സാധാരണപൗരന്മാരാണെന്ന് കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കുറഞ്ഞത് 1,035 സാധാരണ പൗരന്മാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. യുദ്ധബാധിത പ്രദേശങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിലുള്ള ബുദ്ധിമുട്ട് മൂലം യഥാർഥ മരണസംഖ്യ കണക്കാക്കാൻ കഴിയില്ല. ഔദ്യോഗികമായി അറിയിച്ചതിനേക്കാൾ വളരെ കൂടുതലാണ് മരണസംഖ്യയെന്നാണ് യുഎൻ കരുതുന്നത്.
മൃതദേഹങ്ങൾ പലതും തെരവിൽ ചിതറിക്കിടക്കുന്ന കാഴ്ചയാണ് മരിയുപോളിൽ കാണാൻ കഴിയുന്നത്. മൃതദേഹങ്ങൾ എടുക്കുന്നത് അപകടരമായതിനാലാണ് തെരുവിൽ ഉപേക്ഷിക്കപ്പെടുന്നത്. ഇവ പിന്നീട് കൂട്ടക്കുഴിമാടങ്ങളിൽ അവസാനിക്കും.
Leave a Reply