ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിയറ്റ്നാമിലെ ഒരു ടൂറിസ്റ്റ് വില്ലയിൽ ബ്രിട്ടീഷ് യുവതിയുടെയും പ്രതിശ്രുത വരന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. 33 വയസ്സുകാരിയായ ഗ്രേറ്റ മേരി ഒട്ടേസൺ , 36 കാരനായ ആർനോ എൽസ് ക്വിൻ്റൺ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് ദക്ഷിണാഫ്രിക്കൻ വംശജനാണ്. മധ്യ ക്വാങ് നാം പ്രവിശ്യയിലെ ഹായ് ആനിലെ സമുച്ചയത്തിലാണ് സംഭവം നടന്ന ടൂറിസ്റ്റ് വില്ല സ്ഥിതിചെയ്യുന്നത്.
ഡിസംബർ 26 ന് രാവിലെ 11.18-ന് വില്ല ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം ഒന്നാം നിലയിലും യുവാവിൻ്റേത് മറ്റൊരു മുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. ഒരു ഫോറൻസിക് പരിശോധനയിൽ ശാരീരിക ആഘാതത്തിൻ്റെയോ അക്രമത്തിൻ്റെയോ തെളിവുകളൊന്നും കാണിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതുകൂടാതെ വേറെ ആരെങ്കിലും അതിക്രമിച്ചു കയറി ഇവരെ അപായപ്പെടുത്തിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ മരണ കാരണങ്ങളെ കുറിച്ച് കടുത്ത ദുരൂഹതയാണ് ഉയർന്നു വന്നിരിക്കുന്നത്.
മരിച്ച യുവാവും യുവതിയും കഴിഞ്ഞവർഷം ജൂലൈ 4-ാം തീയതി മുതൽ ടൂറിസ്റ്റ് വില്ലയിൽ ദീർഘകാല താമസത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിരവധി മദ്യക്കുപ്പികൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് മാനേജരായിട്ട് ഗ്രേറ്റ മേരി ഒട്ടേസൺ ജോലി ചെയ്തിട്ടുണ്ട്. വിയറ്റ്നാമിൽ മരിച്ച ബ്രിട്ടീഷ് യുവതിയുടെ കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുമെന്ന് യുകെയുടെ ഫോറിൻ, കോമൺവെൽത്ത്, ഡെവലപ്‌മെൻ്റ് ഓഫീസിൻ്റെ വക്താവ് വ്യാഴാഴ്ച പറഞ്ഞു.
Leave a Reply