ലണ്ടന്‍: ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ നല്‍കി വരുന്ന പലിശയ്ക്ക് പരിധി നിര്‍ണയിക്കണമെന്ന് ലേബര്‍ ആവശ്യപ്പെടും. കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്ന മൂന്ന് ദശലക്ഷം ബ്രിട്ടീഷുകാരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. കുടുംബങ്ങളുടെ കടം വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയാണ് പ്രതികൂലമായി ബാധിക്കുകയെന്ന് ലേബര്‍ വ്യക്തമാക്കി. ഇന്ന് നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ ഈ പദ്ധതി അവതരിപ്പിക്കും.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് കടം കഴിഞ്ഞ വര്‍ഷത്തോടെ 1.8 ട്രില്യന്‍ പൗണ്ട് ആയിട്ടുണ്ട്. താന്‍ അവതരിപ്പിക്കുന്ന പദ്ധതി 14 ബില്യന്‍ പൗണ്ട് കടമുള്ള ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസകരമാണെന്ന് മക്‌ഡോണല്‍ പറഞ്ഞു. ബ്രെറ്റണിലാണ് ലേബര്‍ സമ്മേളനം നടക്കുന്നത്. പാര്‍ട്ടിയുടെ ഏറ്റവും വലിയ സമ്മേളനമെന്ന് വിശേഷിപ്പിക്കാവുന്ന ഇതില്‍ 13,000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. മറ്റ് നിരവധി വിഷയങ്ങളിലും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്ന വേദികൂടിയായി സമ്മേളനം മാറും.

ലേബര്‍ പദ്ധതിയനുസരിച്ച് ഫിനാന്‍ഷ്യല്‍ കോണ്‍ഡക്റ്റ് അതോറിറ്റി പ്രത്യേക പദ്ധതി അവതരിപ്പിക്കുമെന്നാണ് വിവരം. ഇതനുസരിച്ച് വാങ്ങുന്ന ക്രെഡിറ്റിന് തുല്യമായ തുക മാത്രമേ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ അടക്കേണ്ടതായി വരികയുള്ളു. ഫീസുകളായോ അമിത പലിശയായോ ഇനി പണം നല്‍കേണ്ടതായി വരില്ല. ഈ പദ്ധതി
ടോറികള്‍ തള്ളിയാല്‍ അടുത്ത ലേബര്‍ സര്‍ക്കാര്‍ നിയമം തന്നെ ഭേദഗതി ചെയ്യുമെന്നും മക്‌ഡോണല്‍ അറിയിച്ചു.