കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ വെട്ടേറ്റ് മരിച്ചു. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷും ശരത് ലാലുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു.കാസർകോട് ജില്ലയിൽ യു ഡി എഫും ഹർത്താൽ ആചരിക്കുന്നു. പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അർധരാത്രിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാസർകോട് നഗരത്തിൽ നടത്തിയ മാർച്ച് അക്രമാസക്തമായി.ഇടതു മുന്നണിയുടെ ബോർഡുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചു.മാർച്ചിനു നേരെ പൊലീസ് ലാത്തിവീശി.സംഘർഷം പടരാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുകാറിലെത്തിയ സംഘമാണ് ഇരുവരേയും ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.കല്ലിയോട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കൃപേഷിനും,ശരത് ലാലിനും നേരെ ആക്രമണമുണ്ടായത്. കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. നെഞ്ചിലും,അരയ്ക്ക് താഴെയുമാണ് ഇരുവർക്കും വെട്ടേറ്റത്. വഴിയോരത്തെ കുറ്റിക്കാട്ടിലായിരുന്നു കൃപേഷിന്റെ മൃതദേഹം കിടന്നിരുന്നത്. ശരത് ലാലിനെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒൻപതു മണിയോടെ മരിച്ചു. വഴിയാത്രക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. അക്രമത്തിന് പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.കൃത്യമായ പരിശീലനം ലഭിച്ചവരാണ് കൃത്യം നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ പറഞ്ഞു.
ആക്രമിസംഘത്തിൽ മൂന്നു പേരുണ്ടായിരുന്നതായാണ് സൂചന. പെരിയയിൽ സിപിഎമ്മും -കോൺഗ്രസുമായി കഴിഞ്ഞ കുറേ നാളുകളായി പ്രശ്നങ്ങളുണ്ട്. സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ അക്രമിച്ച കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൃപേഷും , ശരത് ലാലും. അതേസമയം കോൺഗ്രസ‌് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കില്ലെന്ന‌് സി പി എം ജില്ലാ സെക്രട്ടറിയറ്റ‌് പ്രസ്താവനയിൽ അറിയിച്ചു. പൊലീസ‌് സത്യസന്ധമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കി.
Leave a Reply