ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയെ നടുക്കിയ ആസിഡ് ആക്രമണത്തിലെ പ്രതിയുടെതെന്ന് കരുതപ്പെടുന്ന മൃതദേഹം പോലീസ് തേംസ് നദിയിൽ നിന്ന് കണ്ടെടുത്തു. ജനുവരി 31 -നാണ് യുകെയെ നടുക്കി അബ്ദുൽ ഷോക്കൂർ എസെദിയെന്ന 35 വയസ്സുകാരനായ പ്രതി തൻറെ മുൻ പങ്കാളിയുടെയും രണ്ട് കുട്ടികളുടെയും മേൽ ആസിഡ് ആക്രമണം നടത്തിയത്. ലണ്ടനിലെ ചെൽസി പാലത്തിന് മുകളിൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇയാളെക്കുറിച്ച് അവസാനമായി ലഭിച്ചത്.
ഇയാൾ തേംസ് നദിയിൽ ചാടി ജീവനൊടുക്കിയേക്കാമെന്ന് പോലീസ് ആദ്യം തന്നെ പറഞ്ഞിരുന്നെങ്കിലും മൃതദേഹം വീണ്ടെടുക്കാനാവാത്തത് കടുത്ത ദുരൂഹത ഉളവാക്കിയിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. കണ്ടെടുത്ത മൃതദേഹത്തിലെ വസ്ത്രങ്ങൾ എസെദിയുടേതാണെന്ന് കരുതുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു, എന്നിരുന്നാലും ഔദ്യോഗികമായി മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഡി എൻ എ പരിശോധന അടക്കമുള്ള കൂടുതൽ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.
ക്ലാഫാമിൽ ആക്രമിക്കപ്പെട്ട സ്ത്രീ ആശുപത്രിയിൽ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഇവരുടെ ഒരു കണ്ണിൻറെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ടു. പ്രതി അബ്ദുൾ ഷോക്കൂർ എസെദിയ്ക്ക് ആക്രമണത്തിന് ഇരയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു . ഈ ബന്ധത്തിൻറെ തകർച്ചയാകാം ഗുരുതരമായ ആക്രമണത്തിന് കാരണം. എത്ര നാളായി എസെദിയും ഇരയുമായി ബന്ധം നിലനിന്നിരുന്നുവെന്നോ എങ്ങനെയാണ് അത് തകർന്നതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . 2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്നാണ് എസെദി ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായിട്ട് ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നത് വൻ ചർച്ചയ്ക്കാണ് വഴി വച്ചിരിക്കുന്നത്. അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറുന്ന കുറ്റകൃത്യത്തിനും ഭീകര പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെട്ടിരിക്കുന്നവരുമായ ഒട്ടേറെ പേർ ഈ രീതിയിൽ യുകെയിൽ സ്ഥിരതാമസത്തിനായി മാത്രം ക്രിസ്തുമതം സ്വീകരിച്ചിരിക്കാനുള്ള സാധ്യതയിലേയ്ക്കാണ് ലണ്ടനിലെ ആസിഡ് ആക്രമണ കേസിലെ പ്രതിയുടെ വാർത്ത വിരൽ ചൂണ്ടുന്നത്.
Leave a Reply