ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പെൺകുട്ടികളെ ലൈംഗികപരമായി ദുരുപയോഗം ചെയ്യുന്നതിന് ജെഫ്രി എപ്സ്റ്റിനെ സഹായിച്ച കുറ്റത്തിന് ഗിസ്ലെയ്ൻ മാക്സ്വെല്ലിന് 20 വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് അറുപതുകാരിയായ മാക്സ്വെൽ ജെഫ്രിക്കു വേണ്ടി പെൺകുട്ടികളെ എത്തിച്ചു കൊടുത്ത കുറ്റത്തിന് പ്രതിയാണെന്ന് കോടതി വിധിച്ചത്. പെൺകുട്ടികളെ ലൈംഗികപരമായി ദുരുപയോഗം ചെയ്ത കുറ്റത്തിന് മാൻഹാട്ടനിലെ ഒരു ജയിലിൽ വെച്ച് തന്റെ വിധി കാത്ത് കഴിയവേ, 2019 ൽ ജെഫ്രി എപ്സ്റ്റിൻ സ്വയം മരിച്ചിരുന്നു. 1994 മുതൽ 2004 വരെയുള്ള വർഷങ്ങളിലാണ് മാക്സ്വെൽ തന്റെ കുറ്റകൃത്യങ്ങൾ നടത്തിയതെന്ന് കോടതി വിലയിരുത്തി. എപ്സ്റ്റിനുവേണ്ടി പെൺകുട്ടികളെ തിരഞ്ഞെടുത്തു നൽകിയിരുന്നത് മാക്സ്വെൽ ആയിരുന്നുവെന്നും കോടതി പറഞ്ഞു. മാക്സ്വെലിന്റെ അഭിഭാഷകർ അഞ്ചുവർഷം മാത്രം ശിക്ഷക്ക് മതി എന്നു വാദിച്ചെങ്കിലും കോടതി 20 വർഷം വിധിക്കുകയായിരുന്നു. യാതൊരു വികാരവിക്ഷോഭങ്ങളുമില്ലാതെയാണ് മാക്സ്വെൽ കോടതിവിധി സ്വീകരിച്ചത്. ജൂലൈ 2020ൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം മാക്സ്വെൽ പോലീസ് കസ്റ്റഡിയിൽ ബ്രൂക്ക്ലിനിലെ മെട്രോപോളിൻ ഡിറ്റെൻഷൻ സെന്ററിൽ ആയിരുന്നു.


മാക്സ്വെലിന്റെ അടുത്ത സുഹൃത്തായ ആൻഡ്രു രാജകുമാരന്റെ പേരും സംഭവത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. പ്രശ്നത്തിൽ പങ്കുണ്ടെങ്കിൽ അടുത്തതായി ശിക്ഷ ലഭിക്കാൻ പോകുന്നത് ആൻട്രു രാജകുമാരനാകും എന്നാണ് ബ്രാഡ് എഡ്വാർഡ് സ് എന്ന അഭിഭാഷകൻ വ്യക്തമാക്കി. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ, എഫ് ബി ഐയ്ക്ക് മുൻപിൽ ആൻട്രു രാജകുമാരൻ മുഴുവൻ സത്യങ്ങളും വെളിപ്പെടുത്തട്ടെ എന്നാണ് മറ്റൊരു അഭിഭാഷകൻ വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ മാക്സ്വെലിന്റെ വിധി ആൻട്രു രാജകുമാരനെയും പ്രതിസന്ധിയിലാക്കും എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.