കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ ഒരു ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി . തിങ്കളാഴ്ച പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. ചാത്തേടത്തുപറമ്പിൽ താമസിച്ചിരുന്ന ദമ്പതികളായ അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) എന്നിവരുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനക്കും ചോദ്യം ചെയ്യലിനും ഒടുവിൽ വൈകിട്ട് നാലുമണിയോടെ ഭ്രൂണം പുറത്തെടുത്തു. പ്രാഥമിക വിലയിരുത്തലിൽ ഭ്രൂണത്തിന് ഏകദേശം മൂന്ന് മാസത്തോളം പ്രായമുണ്ടെന്നാണ് വ്യക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ഇരുപതാം തീയതി രാത്രി കടുത്ത വയറുവേദനയെ തുടർന്ന് ഫ്ലാറ്റിലെ ശൗചാലയത്തിൽ വെച്ചാണ് ഭ്രൂണം പുറത്തുവന്നതെന്ന് അപർണ പോലീസിന് മൊഴി നൽകി. നേഴ്‌സിംഗ് വിദ്യാർത്ഥിനിയായതിനാൽ പ്രസവശേഷം ഭ്രൂണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമായിരുന്നുവെന്നും അവൾ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികളുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും, കൂടുതൽ പരിശോധനകൾക്ക് ശേഷമേ സംഭവത്തിലെ യഥാർത്ഥ സാഹചര്യം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.











Leave a Reply