ജപ്പാനിൽ 2011 മാർച്ച് 11-നുണ്ടായ സുനാമിയിൽ കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി തിരിച്ചറിഞ്ഞതായി പൊലീസ്. നറ്റ്സുകോ ഒകുയാമ എന്ന സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ദുരന്തം നടന്ന് പത്ത് വർഷം തികയാൻ ചുരുങ്ങിയ ദിവസം മാത്രം ബാക്കി നിൽക്കേയാണ് പോലീസ് അധികൃതർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മിയാഗിയുടെ വടക്ക് കിഴക്കൻ കടൽത്തീരത്ത് ഫെബ്രുവരി 17-നാണ് തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നാണ് പൊലീസ് വക്താവ് എഎഫ്പിയോട് വ്യക്തമാക്കിയത്. ഫൊറൻസിക് ആൻഡ് ഡിഎൻഎ നടത്തിയ വിശകലനത്തിലാണ് 2011 മാർച്ചിൽ ഉണ്ടായ ദുരന്തത്തിൽ കാണാതായത് നറ്റ്സുകോ ഒകുയാമ എന്ന 61-കാരിയാണിതെന്ന് തെളിയിക്കപ്പെട്ടത്.
ജപ്പാനിലെ ദേശീയ പൊലീസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 2011-ൽ നടന്ന ഭൂകമ്പം, സുനാമി, ആണവ ദുരന്തം എന്നിവയിലായി 15,899 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.. എന്നാൽ ദുരന്തം നടന്ന് 10 വർഷത്തിനിപ്പുറവും 2500-ൽ അധികം ആളുകളെ കണ്ടെത്തിയിട്ടില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. നിരവധി കുടുംബങ്ങളാണ് ഇതുമൂലം ദുഃഖത്തിലായിരിക്കുന്നത്. മൃതദേഹം കണ്ടെത്താത്തവരുടെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ പോലും കുടുംബാംഗങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഇന്നും വേണ്ടപ്പെട്ടവർക്ക് വേണ്ടി, അവരുടെ എന്തെങ്കിലും ഒരു അറിവിന് വേണ്ടി കാത്തിരിക്കുകയാണ് പലരും.
അതേസമയം, ഒകുയാമയുടെ മൃതദേഹം കണ്ടെത്തിയവർക്ക് മകൻ നന്ദി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ”ദുരന്തം നടന്ന് പത്ത് വർഷം തികയുമ്പോൾ എൻ്റെ അമ്മയുടെ മൃതദേഹം കണ്ടെത്തിയതിൽ എനിക്ക് ഞാൻ സന്തുഷ്ടനാണ്” ഒകുയാമയുടെ മകൻ പറഞ്ഞതായി ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
2011-ൽ നടന്ന ഭൂകമ്പവും സുനാമിയും ജപ്പാൻ ചരിത്രത്തിൽ ഏറ്റവും വലിയ ദുരന്തമായിരുന്നു. റിക്ടർ സ്കെയിലിൽ 9.0 രേഖപ്പെടുത്തിയ ഈ ഭൂകമ്പം ജപ്പാൻ ചരിത്രത്തിലെ ഏറ്റവും വലിയതും ലോകത്തെ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഏഴാമത്തേതുമാണ്. 140 വർഷങ്ങൾക്ക് ശേഷം ജപ്പാനിൽ ഉണ്ടായ വലിയ ഭൂകമ്പമായും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു.
ജപ്പാൻ ദ്വീപുകളിൽ തന്നെ ഏറ്റവും വലിയ ദ്വീപായ ഹോൻഷുവിൻ്റെ വടക്ക് – കിഴക്ക് തീരത്ത് സെൻഡായ് തീരപ്രദേശത്തായിരുന്നു ഏവരെയും ഞെട്ടിച്ച ദുരന്തം ഉണ്ടായത്. ഒരു ദശലക്ഷത്തിൽ കൂടുതൽ ആളുകൾ താമസിക്കുന്ന ജപ്പാനിലെ പ്രധാന നഗരമായ സെൻഡായയിൽ അപകടത്തിൻ്റെ ആഴംവളരെ കൂടുതലായിരുന്നു. സുനാമി തിരമാലകൾ ആറ് മുതൽ പത്ത് മീറ്റർ വരെ ഉയർന്നപ്പോൾ ചില സ്ഥലങ്ങളിൽ അവ 12 കിലോമീറ്റർ വരെ ഉള്ളിലേക്കാണ് പോയത്. അതുകൊണ്ടുതന്നെ ദുരന്തത്തിൽ നാശനഷ്ടങ്ങൾ നിരവധി ആയിരുന്നു.
ദുരന്തം നടന്ന് പത്ത് വർഷങ്ങൾക്ക് ശേഷം കാണാതായ ഒരു സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതുകൊണ്ടുതന്നെ ഇനി അങ്ങോട്ടും കാണാത്തായവരെക്കുറിച്ച് എന്തെങ്കിലും അറിവുകൾ ലഭ്യമായേക്കാം എന്ന പ്രതീക്ഷയിലാണ് പലരും.
Leave a Reply