ഉക്രൈൻ യാത്രാ വിമാനം ഇറാനിൽ തകർന്നുവീണ് 176 പേർ കൊല്ലപ്പെട്ടു. ബോയിങ് 737 വിമാനമാണ് ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ഇറാന്‍ ദേശീയ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. കീവിലെ ഉക്രൈൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചു.

ടെഹ്‌റാന്‍ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന ഉടന്‍ തകരുകയായിരുന്നു. വിമാനമാണ് തകർന്നത്. 167 യാത്രക്കാരും ഒൻപത് ക്രൂ അംഗങ്ങളുമാണു വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ഉക്രെെൻ വ്ളാദമിർ സെലൻസ്കി അനുശോചനം രേഖപ്പെടുത്തി.

ടെഹ്‌റാനിലെ തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് അപകടമുണ്ടായ സ്ഥലത്ത് അന്വേഷണ സംഘം ഉണ്ടായിരുന്നുവെന്ന് സിവിൽ ഏവിയേഷൻ വക്താവ് റെസ ജാഫർസാദെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.പി റിപ്പോർട്ട് ചെയ്യുന്നു. പെെലറ്റിനു വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് തകർന്നുവീഴുകയായിരുന്നുവെന്ന് ഇറാൻ റോഡ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അഥോറിറ്റി വക്താവ് കാസിം ബിനിയാസ് പറഞ്ഞു.

“വലിയ തീപിടിത്തമായിരുന്നു. ഞങ്ങൾക്ക് യാതൊന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. ഞങ്ങളുടെ 22 ആംബുലൻസുകളും നാല് ആംബുലൻസ് ബസുകളും ഒരു ഹെലികോപ്റ്ററും സംഭവസ്ഥലത്തുണ്ട്.” ഇറാനിലെ അടിയന്തര സേവന മേധാവി പിർഹോസീൻ കൊലിവാണ്ട് ടെലിവിഷനോട് പറഞ്ഞു.

“ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ശേഷം പരന്ദിനും ഷഹ്‌രിയാറിനുമിടയിൽ വിമാനം തകർന്നുവീഴുകയായിരുന്നു,” സിവിൽ ഏവിയേഷൻ വക്താവ് റെസ ജാഫർസാദെ പറഞ്ഞു.