മാര്‍ക്‌സിസ്റ്റ് വിപ്ലവനായകന്‍ ചെ ഗുവേരയെ വെടി വെച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍(80) അന്തരിച്ചു. സാന്റാക്രൂസില്‍ രോഗബാധിതനായി ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാത്രിയായിരുന്നു മരണം. ഭാര്യയും രണ്ട് മക്കളുമുണ്ട്.
1967 ഒക്ടോബര്‍ ഒമ്പതിനാണ് ചെഗുവേരയെ പിടികൂടിയ ശേഷം സൈനിക ക്യാമ്പായി മാറ്റിയ ഒരു സ്‌കൂളില്‍ വെച്ച് ബൊളീവിയന്‍ സൈനികര്‍ വധിച്ചത്. ടെറാനായിരുന്നു വെടി വയ്ക്കാനുള്ള ഉത്തരവാദിത്തം. ചെഗുവേരയുടെ നെഞ്ചിന് നേരെയാണ് ടെറാന്‍ വെടിയുതിര്‍ത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവമായാണ് പിന്‍കാലത്ത് ടെറാന്‍ ആ സംഭവത്തെ വിശേഷിപ്പിച്ചത്. ചെഗുവേരയുടെ തിളങ്ങുന്ന കണ്ണുകളും അവസാന നിമിഷവും നിര്‍ഭയനായി അദ്ദേഹം പറഞ്ഞ വാക്കുകളും ഒരിക്കലും തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ലാ ഹിഗ്വെറയില്‍ വെച്ചാണ് മുന്‍ ജനറല്‍ ഗാരി പ്രാദേയും സംഘവും ചെഗുവേരയെ വധിച്ചത്. ‘വെടിവെക്കരുത്. ഞാന്‍ ചെഗുവേരയാണ്. എന്നെ ജീവനോടെ പിടികൂടുന്നതായിരിക്കും നിങ്ങള്‍ക്ക് ലാഭം’ -എന്നായിരുന്നു അമേരിക്കന്‍ പരിശീലനം കിട്ടിയ ബൊളീവിയന്‍ കമാന്‍ഡോകളോട് ചെഗുവേര പറഞ്ഞതെന്നാണ് റിച്ചാര്‍ഡ് എല്‍ ഹാരിസ് എഴുതിയ ചെ ഗുവേരയുടെ ജീവചരിത്രത്തിലും ജോണ്‍ ലി ആഡേഴ്‌സണ്‍ എഴുതിയ വിപ്ലവകാരിയുടെ ജീവിത കഥയിലും പറയുന്നത്.
മരിക്കുമ്പോള്‍ 39 വയസ്സായിരുന്നു ചെഗുവേരയ്ക്ക്. തുറന്ന കണ്ണുകളോടെ കിടന്ന അദ്ദേഹത്തിന്റെ മൃതശരീരം വലിയ നേട്ടമെന്ന നിലയ്ക്കാണ് സമീപമുള്ള വലെഗ്രാന്‍ഡെ എന്ന ടൗണില്‍ പ്രദര്‍ശിപ്പിച്ചത്.
Leave a Reply