ന്യൂസ് ഡെസ്ക്
ശ്രീലങ്കയിലെ ഈസ്റ്റർ ദിനം രക്തപങ്കിലമാക്കി വൻ സ്ഫോടന പരമ്പര. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ക്രിസ്ത്യൻ പള്ളികളിലുൾപ്പെടെ നിരവധി സ്ഥലങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ 138 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കാസർഗോഡ് സ്വദേശി പി.എസ് റസീനയും ഉൾപ്പെടുന്നു. മുന്നൂറിലേറെപ്പേർക്ക് പരിക്കേറ്റു. മൂന്ന് കത്തോലിക്ക പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്. ഈസ്റ്റർ പ്രാർഥനയ്ക്കിടെ രാവിലെ ആയിരുന്നു പള്ളികളിലെ സ്ഫോടനം.
കൊളംബോയിലെ സെന്റ് ആന്റണീസ് ദേവാലയം, നെഗമ്പോയിലെ സെബാസ്റ്റ്യൻസ് ദേവാലയം, ബട്ടിക്കലോവയിലെ ദേവാലയം എന്നീ പള്ളികളിലായിരുന്നു സ്ഫോടനം നടന്നത്. സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിംസ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനമുണ്ടായി. ഒന്‍പതു വിദേശവിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പ്രദേശിക സമയം രാവിലെ 8.45 ന് ആയിരുന്നു പള്ളികളിൽ സ്ഫോടനം റിപ്പോർട്ട് ചെയ്തത്. രണ്ടു പള്ളികളിൽ ഒന്നിലേറെ സ്ഫോടനം ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. സ്ഫോടനത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും നടുക്കം രേഖപ്പെടുത്തി. ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
Leave a Reply