വിമാനത്താവളത്തിലെ പരിശോധനയില്‍ മടുപ്പ് തോന്നി ‘എന്‍റെ ബാഗിലെന്താ ബോംബുണ്ടോ’ എന്നു ദേഷ്യത്തോടെ ചോദിച്ച യാത്രക്കാരന്‍ പുലിവാലുപിടിച്ചു. നെടുമ്പാശേരി രാജ്യാന്തര വിമാനത്തവളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

സ്വാതന്ത്ര്യദിനത്തിൽ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ പോകാനെത്തിയ ചാലക്കുടി വല്ലത്തുപറമ്പിൽ രവി നാരായണൻ (61) ആണ് ജീവനക്കാരോട് ബോംബെന്ന് ഉച്ചരിച്ച് പുലിവാലു പിടിച്ചത്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളത്തിൽ സാധാരണ പരിശോധന കൂടാതെ പരിശോധന ശക്തമാക്കിയിരുന്നു. പതിവു പരിശോധനക്ക് പുറമേ വിമാനത്തിൽ കയറുന്നതിനു മുൻപും പരിശോധനയുണ്ടായി.

ഇതില്‍ പ്രതിഷേധിച്ചതാണ് യാത്രികന് വിനയായത്. വിമാനത്തിൽ കയറാനെത്തിയ രവി നാരായണന്‍റെ കൈവശമുള്ള ബാഗ് ശ്രീലങ്കൻ എയർലൈൻസിലെ ജീവനക്കാർ പരിശോധിച്ചു. തുടർച്ചയായ പരിശോധനയിൽ ദേഷ്യം വന്ന യാത്രികന്‍ ഇവരോടാണ് ഈ ചോദ്യം ചോദിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചോദ്യം കേട്ടയുടൻ ജീവനക്കാർ സുരക്ഷാവിഭാഗമായ സിഐഎസ്എഫിനെ വിവരം അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി യാത്രകന്‍റെ ബാഗ് വിശദമായി പരിശോധിച്ചു. പിന്നാലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമെത്തി. ബാഗിൽ ബോംബ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം യാത്രികന്റെ ചെക്കിൻ ബാഗും ആവശ്യപ്പെട്ടു.

എന്നാല്‍ ചെക്കിൻ ബാഗ് ഇല്ലാതെയായിരുന്നു രവി നാരായണൻ എത്തിയത്. പിന്നാലെ ഇദ്ദേഹത്തിന്‍റെ യാത്ര വിമാനക്കമ്പനി തടഞ്ഞു. തുടര്‍ന്ന് ഇദ്ദേഹത്തെ നെടുമ്പാശേരി പൊലീസിനു കൈമാറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് വിമാനത്താവളത്തിൽ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേർന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‍തു.

അടുത്തിടെ ചെന്നൈ വിമാനത്താവളത്തില്‍ കടുത്ത സുരക്ഷാ പരിശോധനക്കിടയിലും ഇത്തരം സംഭവം നടന്നിരുന്നു. അന്ന് ‘എന്‍റെ ബാഗിലെന്താ ബോംബുണ്ടോ’ എന്ന് ചോദിച്ച പത്തനംതിട്ട സ്വദേശിയായ അലക്സ് മാത്യു എന്ന യാത്രക്കാരനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൊലീസിന് കൈമാറുകയായിരുന്നു.