തലമുറകളായി ഇന്ത്യൻ മദ്യപാനികളുടെ പ്രിയപ്പെട്ട പാനീയമായ ‘ഓൾഡ് മങ്ക്’ യഥാർഥ റമ്മല്ലെന്ന വെളിപ്പെടുത്തലുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ബോംബെ ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെയാണ് ഓൾഡ് മങ്ക് ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ മാത്രമാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കിയത്. കൃത്രിമ ഫ്ലേവറുകളും ന്യൂട്രൽ സ്പിരിറ്റും ചേർത്താണ് ഉൽപന്നം നിർമിക്കുന്നതെന്നും അതിനാൽ ‘റം’ എന്ന പേരിൽ വിൽക്കാൻ കഴിയില്ലെന്നുമാണ് റഗുലേറ്ററുടെ നിലപാട്.

ഓൾഡ് മങ്കിന്റെ ലേബലിങ്ങും എഫ്എസ്എസ്എഐ ചോദ്യം ചെയ്തിട്ടുണ്ട്. ‘7 Years Old Blended’ എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരിശോധനയിൽ പ്രധാനമായും പഴക്കമില്ലാത്ത ന്യൂട്രൽ സ്പിരിറ്റാണ് കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി. കൃത്രിമ ഫ്ലേവറുകൾ ചേർത്തിട്ടുണ്ടെങ്കിൽ അത് ലേബലിൽ വ്യക്തമായി രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ലേബലിലെ അക്ഷരങ്ങൾ വളരെ ചെറുതാണെന്നും ഉപഭോക്താക്കൾക്ക് വിവരങ്ങൾ വ്യക്തമായി വായിക്കാൻ കഴിയുന്നില്ലെന്നും ഹൈക്കോടതിയും നിരീക്ഷിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൃത്രിമ ഫ്ലേവറുകൾ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഓൾഡ് മങ്കിന്റെ വിൽപനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഇതുമൂലം കമ്പനിക്ക് പ്രതിദിനം ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പുതിയ ലേബൽ സമർപ്പിക്കാൻ നിർമാതാക്കൾ തയ്യാറായതോടെ കേസ് സെപ്റ്റംബർ 11ലേക്ക് മാറ്റിയിരിക്കുകയാണ്. ഓൾഡ് മങ്ക് ഇനി ‘റം’ എന്ന പേരിൽ തുടരുമോ, അതോ ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന പുതിയ ലേബലിൽ വിപണിയിലെത്തുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.