കാരൂർ സോമൻ
പുസ്തകവും പെണ്ണും അന്യകൈയിലായാൽ തിരിച്ചുകിട്ടാൻ പ്രയാസമെന്നാണ് പ്രമാണം. ബുക്കർ പുരസ്‌ക്കാരം അന്യരുടെ കയ്യിലായതിനാൽ രാഷ്ട്രീയ മറിമായങ്ങൾ നടക്കില്ല. സമൂഹം ഇന്ന് വളരുന്നത് ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന്റെ മടിത്തട്ടിലാണ്. മനുഷ്യരാശിയുടെ പുരോഗമനത്തിനായി ആത്മവിശ്വാസത്തോടെ നിലവിലിരിക്കുന്ന അന്ധവിശ്വാസ–അനീതി-അഴിമതി-അഹന്ത നടക്കുന്ന വ്യവസ്ഥിതിയെ ഉഴുതുമറിക്കുന്നവരാണ് ലോകമെങ്ങുമുള്ള ചിത്ര ശില്പ കലാസാഹിത്യ പ്രതിഭകൾ. അതിലെ ആദ്യ രക്തസാക്ഷിയാണ് ബി.സി. 470-കളിൽ ജീവിച്ചിരുന്ന ഇന്നും നമ്മിൽ ജീവിക്കുന്ന ത്വതചിന്തകളുടെ ആചാര്യനായ സോക്രട്ടീസ്. നിലവിലിരുന്ന ദേവി ദേവന്മാർക്കെതിരെ പ്രതികരിച്ചതിനാണ് അദ്ദേഹത്തെ വിഷം കൊടുത്തു കൊലപ്പെടുത്തിയത്. അന്നത്തെ അന്ധവിശ്വാസങ്ങൾ ഇന്നും ഇന്ത്യയിൽ തുടരുന്നു.
വിശ്വാസങ്ങളെ വിലക്കെടുത്തു ഉൽപാദനം നടത്തുന്നവർക്ക് അതുൾക്കൊള്ളാനാകില്ല. വാർത്തയിൽ കണ്ടത് ഹിന്ദു വികാരം വ്രണപ്പെടുത്തിയതുകൊണ്ട് ബുക്കർ പുരസ്‌ക്കാര ജേതാവായ ഗീതാഞ്ജലി ശ്രീയെ ആഗ്രയിലെ സാംസ്‌ക്കാരിക സംഘടനകളായ രംഗ് ലീല, ആഗ്ര തീയേറ്റർ ക്ലബ് ശ്രീയെ ആദരിക്കുന്നതിൽ നിന്ന് പിന്മാറിയെന്നാണ്. ഇങ്ങനെ കുറെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വർഗ്ഗീയ വാദികൾ വൃണവുമായിട്ടെത്തിയാൽ അതിലെ രസാഭാസങ്ങൾ കണ്ടു രസിക്കാനേ സാധിക്കു. ആഗ്രയിൽ ഞാൻ കുറച്ചുനാളുകളുണ്ടായിരുന്നു. 1978-ൽ ആഗ്ര മലയാളി സമാജം എന്റെ നാടകം അവിടെ അരങ്ങ് തകർത്തിട്ടുണ്ട്. ആഗ്ര സുന്ദരമായ നഗരമാണ് പക്ഷെ സോക്രട്ടീസിന്റെ കാടൻ യുഗത്തിൽ ജീവിക്കുന്നവർ ഇന്നും അവിടെയുണ്ടോ? ഗീതാഞ്ജലിക്കെതിരെ പരാതി കൊടുത്തിരിക്കുന്ന സന്ദീപ് കുമാർ പതക്ക് പറയുന്നത് ശിവനേയും അമ്മ പാർവ്വതിയെക്കുറിച്ചു് ആക്ഷേപകരങ്ങളായ പരാമർശങ്ങൾ ഗീതാഞ്ജലിയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിൽ ഉണ്ടെന്നുള്ളതാണ്. അതിൽ ശിവന്റെ തപസ്സ് മുടക്കിയ പാർവ്വതിയും, ചന്ദനതളിരുള്ള തളിരിലകളും പുളകം കൊള്ളുന്ന പാർവ്വതിയുടെ കവിളും കാമതാപമകറ്റാൻ വെമ്പൽ കൊള്ളുന്ന ശിവനുമുണ്ടോ എന്നറിയില്ല.ഇതൊക്കെ കാണുമ്പോൾ തോന്നുക വർഗ്ഗീയത വളരുകയും കാവ്യ സൗന്ദര്യത്തിന്റെ ഇതളുകൾ കൊഴിഞ്ഞു വീഴുന്നതുമാണ്.
മത വർഗ്ഗീയ വാദികൾ അന്ധവിശ്വാങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് പകരം മത രാഷ്ട്രീയത്തിലൂടെ വിളവെടുപ്പ് നടത്തി ജനജീവിതം നരകതുല്യമാക്കുന്നു.ഇന്നത്തെ സാമൂഹ്യ വ്യവസ്ഥതിയിൽ എഴുത്തുകാർ ശിപായികളായി മാറുന്നു. കുറ്റവാളികളെ പരിരക്ഷിക്കുന്നു. നിയമങ്ങൾ അട്ടിമറിക്കപ്പെടുന്നു. എല്ലാം കണ്ടും കേട്ടും ഉത്ക്കണ്ഠ നിറഞ്ഞ മിഴികളോടെയിരിക്കുന്ന കുറെ മനുഷ്യർ ?
സാമ്പ്രാജ്യത്വത്തിന്റെ അധീനതയിൽ കുരുങ്ങിക്കിടന്ന മനുഷ്യർ ചക്രവർത്തിമാർ ആരാധിക്കുന്ന ദൈവങ്ങളെ ഭയം മൂലം തള്ളി പറഞ്ഞില്ല. കാലത്തിലുറച്ചുപോയ അന്ധവിശ്വാസങ്ങളെ മഹത്തായ ആശയങ്ങളിലൂടെ, വിശ്വാസങ്ങളിലൂടെ വഴിനടത്തിയവരാണ് വികസിത രാജ്യങ്ങളിലെ സർഗ്ഗ പ്രതിഭകൾ.അവർ വിശ്വ സിച്ച ദേവൻ ജീവനുള്ളവനായിരിന്നു. കടങ്കഥകളിലൂടെ കടന്നുവന്ന ദേവനല്ലായിരുന്നു.റോമൻ ചക്രവർത്തി മാർ ഇറക്കുമതി ചെയ്തതു ആരാധിച്ചിരുന്ന എത്രയോ ദേവീദേവന്മാരുടെ ശില്പ ബിംബങ്ങൾ മണ്ണോട് ചേർന്ന് കിടക്കുന്നത് യൂറോപ്പിൽ ഞാൻ കണ്ടിരിക്കുന്നു. അവിടെയെല്ലാം ക്രിസ്തീയ ദേവാലയങ്ങളുയർന്നു. മൂന്നാം നൂറ്റാണ്ടിൽ തുടങ്ങിയ ആ വിശ്വാസം ഇന്ന് അവിശ്വസനീയമാം വിധം ആത്മീയതയും ഭൗതീകതയും തമ്മിലുള്ള പോരാട്ടങ്ങളായി മാറി. ദേവാലയങ്ങൾ കാടുപിടിച്ചു കിടക്കുന്നു.ഇവിടെ ആത്മീയ ജീവിതം ദാരിദ്ര്യമനുഭവിക്കുമ്പോൾ ഇന്ത്യയിലെ മതങ്ങൾ രാഷ്ട്രീയ കൂട്ടുകച്ചവടം നടത്തി ഭയാനകമായ ദുഃഖ ദുരിതങ്ങൾ വിതക്കാൻ ശ്രമിക്കുന്നു. മനസ്സിൽ പെറ്റുപെരുകുന്നത് മതമാണ് ആത്മീയമൂല്യങ്ങളല്ല.
ഭാരതീയ സാഹിത്യ ശാസ്ത്രജ്ഞന്മാർ ബിംബങ്ങളെ അലംങ്കാരങ്ങളാക്കി മനുഷ്യ മനസ്സിന്റെ വികാരങ്ങളെ ഉത്തേജിപ്പിക്കുകയും അത് അനുഭൂതിസാന്ദ്രമായി ആസ്വാദകർക്ക് നൽകുകയും ചെയ്തു. കാലം മാറിയപ്പോൾ ഈ കാവ്യബിംബങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ ഉടഞ്ഞു മണ്ണോട് ചേർന്നുവെങ്കിൽ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ മത വിശ്വാസങ്ങളെ തൊട്ടുണർത്തി അരക്കിട്ടുറപ്പിക്കുന്നു. ആ വിശ്വാസ വികാരങ്ങളെ ഉത്തേജിപ്പിക്കാൻ രാഷ്ട്രീയക്കാർ മത രാഷ്ട്രീയ കൂട്ടുകച്ചവടം നടത്തുക മാത്രമല്ല കലാ സാഹിത്യത്തെ ഒരു വില്പന ചരക്കാക്കി ഏറ്റെടുത്തുകൊണ്ട് സ്തുതിപാഠകരായ എഴുത്തുകാർക്ക് വാരിക്കോരി കൊടുക്കുന്നു. മത-രാഷ്ട്രീയക്കാർ വിശ്വാസങ്ങളെ ഉല്പാദനശക്തിയായി വികസിപ്പിച്ചെടുത്തു് വിജ്ഞാനത്തെ വികലമാക്കി തെരഞ്ഞെടുപ്പുകളിലും വിജയം കൊയ്യുന്നു. ഈശ്വരനെ തിരിച്ചറിഞ്ഞിട്ടുള്ള യഥാർത്ഥ വിശ്വാസികൾ, ജ്ഞാനികൾ ആരുടേയും പാദങ്ങളിൽ തോട്ടുവണങ്ങാൻ പോകാറില്ല. മനസ്സിനെ പരിശുദ്ധമാക്കുന്നവർക്ക് ‘സർവ്വം ബ്രന്മ’ മെന്ന ആത്മ സംതൃപ്തിയാണുള്ളത്.
സാമൂഹിക ദർശനം എന്തെന്നറിയാത്ത പരമ്പരാഗതമായ വിശ്വാസികളാണ് സാഹിത്യ സൃഷ്ഠികളെ വ്യത്യസ്തങ്ങളായ രീതികളിൽ കാണുന്നത്. ഒരു കഥയോ കവിതയോ നോവലോ അത് സാമുഹിക ജീവിത ത്തിന്റെ യാഥാർഥ്യങ്ങളാണ്. തലച്ചോറുള്ള എഴുത്തുകാരൻ അത് വെളിപ്പെടുത്തുകതന്നെ ചെയ്യും. മതമൗലിക വാദികൾക്ക് അതിലെ മൂല്യങ്ങൾ മനസ്സിലാകില്ല. സാഹിത്യ സൃഷ്ഠികളെ അളന്നുതിട്ടപ്പെടുത്താനറിയാത്ത ഈ കൂട്ടർ സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നവരാണ്. പാശ്ചാത്യ രാജ്യങ്ങളിലെ പല രാജാക്ക ന്മാരും എഴുത്തുകാരെ നാട് കടത്തുക മാത്രമല്ല അവരുടെ പുസ്തകങ്ങൾ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. ഇന്നവർ പുസ്തകങ്ങളെ ഹൃദയത്തോടെ ചേർത്ത് ജീവിക്കുന്നു. വായനയിൽ അതിസമ്പന്നരായിരിക്കുന്നു. നമ്മളോ കച്ചവട സിനിമകൾ കണ്ട് നിക്ഷിപ്ത താല്പര്യക്കാരായ ടിവി ചാനലുകളെ വളർത്തി ദരിദ്രരായിക്കൊണ്ടിരിക്കുന്നു. ഉള്ളത് പറയുന്നവർ ഇന്ത്യയിൽ ഊരിന് വിരോധികളോ?
ഇന്ത്യയിൽ അന്ധവിശ്വാസികൾ, കപടസദാചാരവാദികൾ, നീതിനിഷേധങ്ങൾ നടത്തുന്നവർ തീക്ഷ്ണ ശരങ്ങളായി മുന്നേറുന്ന കാലമാണ്.മുൻപ് നോവലെഴുത്തുകാരുടെ ബഹളമായിരുന്നെങ്കിൽ ഇന്ന് കവികളുടെ ബഹളം മൂലം ഭാഷാ ദേവിക്ക് ഉണ്ണാനും ഉറങ്ങാനും കൂടി സമയം കിട്ടുന്നില്ല. അതിനിടയിലേക്ക് പൊട്ടി പുറപ്പെട്ടിരിക്കുന്ന ഒരു കൂട്ടരാണ് ദൈവങ്ങളെ വൃണപ്പെടുത്തി നോവൽ എഴുതി എന്ന പരാതി പറയുന്നത്. മനുഷ്യ മനസ്സിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങളുടെ മേൽനോട്ടവും ഉത്തരവാദിത്വവും വ്യാഖ്യാനങ്ങളും ചില വർഗ്ഗീയ വാദികൾ ഏറ്റെടുത്തിരിക്കുന്നു. സാഹിത്യത്തിന് കനത്ത സംഭാവനകൾ നൽകുന്നവരെയും അസൂയ പൂണ്ട സദാചാരവാദികൾ അടങ്ങാത്ത അമർഷവുമായി സോഷ്യൽ മീഡിയയിൽ വേട്ടയാടുന്നു. ഇവിടെയും അതാണ് കാണുന്നത്. ഇന്റർനാഷണൽ ബുക്കർ പുരസ്‌ക്കാരം നേടിയ ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ടോംബ് ഓഫ് സാൻഡ്’ ആണ് പുരസ്‌ക്കാരത്തിന് അർഹമായത്. അമേരിക്കൻ വിവർത്തക ഡെയ്‌സി റോക്ക് ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. ഒരു എഴുത്തുകാരന്റെ എഴുത്തും സ്വാതന്ത്ര്യവും അധികാര കമ്പോളത്തിന്റെ സ്വാതന്ത്ര്യമല്ല. അവർ എന്തെഴുതണമെന്ന് തിരുമാനിക്കുന്നത് മത രാഷ്ട്രീയ വികട നവാദികളുമല്ല. ഉത്തമ സർഗ്ഗധനർ ആരുടെയും അധികാരത്തിൽ കുരുങ്ങികിടക്കുന്നവരുമല്ല. നല്ല സർഗ്ഗപ്രതിഭകൾ താൻ തൊഴുന്ന ഏത് ദൈവമായാലും കള്ളസത്യം സഹിക്കില്ല എന്ന് പറയുന്നവരാണ്. തികച്ചും നിർഭാഗ്യകരമെന്ന് പറയാൻ രാഷ്ട്രിയപണപ്പെട്ടിക്ക് കനമോ, സ്വാധിനമോ ഉണ്ടെങ്കിൽ നോവൽ കാശ് കൊടുത്തു എഴുതിച്ചാലും സാഹിത്യത്തിലെ സിംഹകുട്ടിയാണ്. സാഹിത്യ അക്കാദമി പുരസ്‌ക്കാരം കിട്ടിയാലും ആശ്ചര്യപ്പെടേണ്ടതില്ല. ഗീതാഞ്ജലിക്കെതിരെ പരാതികൾ ഉന്നയിക്കുന്നവർ മനസ്സിലാക്കേണ്ടത് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ബുക്കർ പ്രൈസ് എന്നല്ല ഏതുമാകട്ടെ അതൊക്കെ സത്യവും നീതിയും നിലനിർത്തി കൊടുക്കുന്ന പുരസ്‌ക്കാരങ്ങളാണ്. രാഷ്ട്രീയ ഇടപെടലുകളില്ല. കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന അറിവ് പകരുന്ന രചനകളാണോ എന്നതാണ് പ്രധാനം.എഴുത്തുകാരെന്റെ സർഗ്ഗക്രിയയിൽ കാലഹരണപ്പെട്ട ദൈവങ്ങളെ പറ്റിയും കാലഘട്ടത്തിന്റെ മനോഭാവങ്ങളെപ്പറ്റിയും എഴുതും. അതിനെ അനുഭാവപൂർവ്വം വീക്ഷിക്കാൻ കഴി യാത്തവർ ഒരു ‘ജുഡീഷ്യൽ കമ്മീഷൻ’ വിധിനിർണ്ണയം നടത്താൻ കൊണ്ടുവരിക. ആ കുട്ടത്തിൽ ഊടുവഴി കളിലൂടെ വന്ന പുരസ്‌ക്കാരങ്ങളും അന്വഷിക്കണം.
Leave a Reply