കാർട്ടൂണിസ്റ്റും തിരക്കഥാകൃത്തുമായ ഒ.സി. രാജുവിന്റെ ആദ്യ നോവൽ “ഷാജി പറഞ്ഞ കഥ” ഒക്ടോബർ 2-ന് പുറത്തിറങ്ങുന്നു. മലയാളത്തിന്റെ പ്രശസ്ത കഥാകാരൻ എസ്. ഹരീഷാണ് പുസ്തകം പ്രകാശിപ്പിക്കുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകൻ എം. ജയചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും. ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വി.വി. സ്വാമിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രകാശന പരിപാടിയിൽ കവിയും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ എം.ആർ. രേണുകുമാർ, യുക്തിരേഖ എഡിറ്റർ അഡ്വ. രാജഗോപാൽ വാകത്താനം, ചിത്രകാരനും എഴുത്തുകാരനുമായ ഇ.വി. അനിൽ, ആൽഫബെറ്റിന്റെ പ്രതിനിധി രഘു ഇരവിപേരൂർ, കഥാകൃത്ത് പ്രൊഫ. റ്റിജി തോമസ്, ചിത്രകാരൻ എം. സോമു, കാർട്ടൂണിസ്റ്റ് ഷാജി മാത്യു, കാർട്ടൂണിസ്റ്റും കോളമിസ്റ്റുമായ ഫാദർ തോമസ് പി. മുകളിൽ, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമൺ, കെ.ടി. രാജേന്ദ്രൻ, എഫ്ക സംസ്ഥാന സെക്രട്ടറി പ്രദീപ് കോശി തുടങ്ങിയവർ ആശംസകൾ അറിയിക്കും.
“ഷാജി പറഞ്ഞ കഥ എന്ന നോവൽ ഒരർത്ഥത്തിൽ ഫിൽട്ടർ ചെയ്യപ്പെട്ട ചരിത്രമാണ്. ചരിത്രം Absent ആക്കിക്കളഞ്ഞ മനുഷ്യജീവിതങ്ങളാണ് ഈ കൃതിയുടെ വിശാലമായ കാൻവാസിനടിയിൽ നില്ക്കുന്നത്. എന്നാൽ ആ ജീവിതം നേരിട്ട് പ്രത്യക്ഷപ്പെടുത്തുന്ന ഒരു രീതിയല്ല നോവൽ അവലംബിക്കുന്നത്. സവിശേഷമായ ഒരു ക്രാഫ്റ്റ് നിർമ്മിച്ചുകൊണ്ടാണ് അത് ആവിഷ്ക്കരിക്കുന്നത്. ഈ നോവൽ കഥയെക്കുറിച്ചുള്ള കഥയാണ്. മറ്റൊരു വിധത്തിൽ എഴുത്തിന്റെ എഴുത്ത്. പ്രധാനമായും മൂന്ന് കഥകൾ പറഞ്ഞുകൊണ്ട് ഈ കൃതി അതിന്റെ പാഠം സൃഷ്ടിക്കുന്നു”. പ്രേമേയപരമായി ഏറെ വ്യത്യസ്തത പുലർത്തുന്ന നോവലിനെക്കുറിച്ച് വി.വി. സ്വാമിയുടെ ആദ്യവായനയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. പഠനഗ്രന്ഥങ്ങൾ ഉൾപ്പടെ ശ്രദ്ധേയമായ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള സൊസൈറ്റി ഓഫ് പി.ആർ.ഡി.എസ്സ്. സ്റ്റഡീസിന്റെ പബ്ലിക്കേഷൻ വിഭാഗമായ അൺസീൻ ലെറ്റേഴ്സ് സ്ലേറ്റ് പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
ഒ.സി. രാജു: കോട്ടയം ജില്ലയിൽ മണിമലയിൽ 1972 ഏപ്രിൽ 18-ന് ജനനം. പത്രപ്രവർത്തനം, കാർട്ടൂൺ, ബാലസാഹിത്യം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തനം. രാഷ്ട്രദീപിക ദിനപ്പത്രത്തിൽ ദീർഘകാലം ആർട്ടിസ്റ്റായും കോളമിസ്റ്റായും ടോംസ് കോമിക്‌സിൽ കാർട്ടൂണിസ്റ്റും കാലിഗ്രഫി ആർട്ടിസ്റ്റുമായും ഇടപെട്ടു. കാടുകപ്പ്, കുട്ടുവിന്റെ വികൃതികൾ എന്നീ ബാലനോവലുകൾ കുട്ടികളുടെ ദീപികയിലും മുത്തശ്ശിയിലുമായി പ്രസിദ്ധീകരിച്ചു. കൂടാതെ ഹിറ്റ്ലിസ്റ്, ഇലട്രിക് എന്നീ സോഷ്യൽ സറ്റയറുകൾ രാഷ്ട്രദീപിക, ദീപിക ദിനപത്രങ്ങളിൽ എഴുതി. കഴുതരാജാവ്, മന്ത്രാണി കുന്ത്രാണി എന്നീ കോമിക് ബുക്കുകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകൾക്ക് തിരക്കഥകൾ തയാറാക്കിയിട്ടുണ്ട്. കേരള കാർട്ടൂൺ അക്കാദമി അംഗവുമാണ്.
Congratulations!
May God Almighty Bless my friend and Colleague Professor Tiji Thomas to write and publish many more literary works in the future and let this be a starting point for it.