12 മിനിറ്റിനുള്ളിൽ ഫലം നൽകുന്ന കോവിഡ് ടെസ്റ്റുമായി ബൂട്സ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് ടെസ്റ്റ്‌ നടത്താം.

12 മിനിറ്റിനുള്ളിൽ ഫലം നൽകുന്ന കോവിഡ് ടെസ്റ്റുമായി ബൂട്സ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് ടെസ്റ്റ്‌ നടത്താം.
October 26 14:03 2020 Print This Article

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : 12 മിനിറ്റിനുള്ളിൽ ഫലം നൽകുന്ന കോവിഡ് ടെസ്റ്റുമായി ബൂട്സ്. 12 മിനിറ്റിനുള്ളിൽ ഫലം നൽകാൻ കഴിയുന്ന ഒരു കോവിഡ് ടെസ്റ്റ് ഹൈ സ്ട്രീറ്റ് ഫാർമസി ബൂട്ടിൽ ലഭ്യമാക്കും. രോഗലക്ഷണങ്ങൾ കാണിക്കാത്ത ആളുകൾക്ക് യുകെയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ഈ ടെസ്റ്റ്‌ ലഭ്യമാണ്. നേസൽ സ്വാബ് ടെസ്റ്റിന് 120 പൗണ്ട് ആണ് ഈടാക്കുന്നത്. ഉപയോക്താക്കൾക്ക് ഇതിലൂടെ രോഗഭീതി ഒഴിവാക്കാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. രോഗലക്ഷണങ്ങളുണ്ടെന്ന് കരുതുന്നവർ വീട്ടിൽ തന്നെ തുടരുകയും സാധാരണ രീതിയിൽ ഒരു കോവിഡ് ടെസ്റ്റ് ബുക്ക് ചെയ്യുന്നതിന് എൻഎച്ച്എസുമായി ബന്ധപ്പെടുകയും വേണം. ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ലൂമിറാഡിഎക്സ് ആണ്. സ്കോട്ട്ലൻഡിലെ എൻ‌എച്ച്എസിന്റെ വിതരണക്കാരാവാനുള്ള കരാറിലും അവർ ഒപ്പിട്ടിട്ടുണ്ട്. കേസുകൾ കൃത്യമായി തിരിച്ചറിയുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 100 % വിശ്വസനീയമല്ല.

നവംബറിൽ 50 ബൂട്ട് സ്റ്റോറുകളിൽ ലുമിറാ ടെസ്റ്റ്‌ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പോർട്ടബിൾ മെഷീൻ വഴി നടത്തുന്ന പരിശോധനയുടെ ഫലങ്ങൾ അധികം വൈകാതെ തന്നെ അറിയാൻ കഴിയുമെന്നതാണ് പ്രത്യേകത. ഫലം പോസിറ്റീവ് ആകുന്നവർ മറ്റുള്ളവരിലേക്ക് വൈറസ് പടരാതിരിക്കാൻ സ്വയം ഒറ്റപ്പെടണം. 90 മിനിറ്റിനുള്ളിൽ‌ ഫലങ്ങൾ‌ നൽ‌കുന്ന മറ്റ് ദ്രുത പരിശോധനകളും എൻ‌എച്ച്‌എസ് പരീക്ഷിക്കുന്നുണ്ട്.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്കും പരിശോധന നടത്താം എന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ മനസമാധാനം ലഭിക്കുമെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പോൾ ഹണ്ടർ പറഞ്ഞു. ഫലപ്രദമായ ഒരു വാക്‌സിനായി ലോകം കാത്തിരിക്കുമ്പോൾ വൈറസിന്റെ രണ്ടാമത്തെ തരംഗത്തെ നേരിടാൻ തക്കതായ വേഗതയേറിയതും സമഗ്രവുമായ പരിശോധന പ്രധാനമാണ്. എന്നാൽ കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിൽ നിലവിലുള്ള ഔദ്യോഗിക സംവിധാനം വഴി വെറും 15.1 ശതമാനം ആളുകൾക്ക് മാത്രമാണ് 24 മണിക്കൂറിനുള്ളിൽ ഫലങ്ങൾ ലഭിക്കുന്നത്. എൻ‌എച്ച്‌എസ് ടെസ്റ്റ്, ട്രേസ് സിസ്റ്റം ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് അറിയിച്ചു. എല്ലാ പരിശോധനകളും 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്ന് ജൂണിൽ പ്രധാനമന്ത്രി പറഞ്ഞിട്ടും ഇതുവരെ നടപ്പിലായിട്ടില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles