ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റഷ്യ – യുക്രൈൻ സംഘർഷം ഒഴിവാക്കാനായി നയതന്ത്ര വഴികളിലൂടെ ശ്രമം തുടരുമെന്ന് ബോറിസ് ജോൺസും ജോ ബൈഡനും. റഷ്യ, യുക്രൈൻ ആക്രമിക്കുമെന്ന ആശങ്കകൾക്കിടെ ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും തമ്മില്‍ ഫോണിൽ സംസാരിച്ചു. 40 മിനിറ്റോളം ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചു. റഷ്യൻ അധിനിവേശ മുന്നറിയിപ്പുകൾക്കിടയിലും ഒരു കരാർ ഇപ്പോഴും സാധ്യമാണെന്ന് ജോ ബൈഡനും ബോറിസ് ജോൺസണും സമ്മതിച്ചു. പ്രതീക്ഷകൾ ഇപ്പോഴുമുണ്ടെന്ന് ഇരു നേതാക്കളും പറഞ്ഞു. എന്നാൽ, പുടിന്റെ സൈന്യം ഏത് നിമിഷവും യുക്രൈനിലേക്ക് ഇരച്ചുകയറുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
ഒരാക്രമണം തടയാൻ 48 മണിക്കൂറിൽ താഴെ സമയം മാത്രമേ ഉള്ളെന്നും ബോറിസ് ജോൺസൻ വ്യക്തമാക്കി. പ്രതിസന്ധികൾക്കിടയിൽ റഷ്യൻ ഗ്യാസ് ഇറക്കുമതിയെ ആശ്രയിക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ജോൺസൻ കുറ്റപ്പെടുത്തി. പ്രകൃതി വാതകത്തിനായി റഷ്യയെ കൂടുതലായി ആശ്രയിക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. റഷ്യൻ സൈനിക ശക്തിയുടെ 60 ശതമാനത്തോളം ഇപ്പോഴും യുക്രൈൻ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം, കൈവിലെ യുഎസ് എംബസി പൂർണമായും ഒഴിപ്പിച്ച് പടിഞ്ഞാറൻ നഗരമായ ലിവിവിലേക്ക് മാറ്റി സ്ഥാപിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. നാറ്റോ എയർ പട്രോളിംഗിൽ പങ്കെടുക്കാൻ എട്ട് എഫ് -15 യുദ്ധവിമാനങ്ങൾ കൂടി യുഎസ് പോളണ്ടിലേക്ക് അയച്ചു. മേഖലയിൽ നാറ്റോ സൈനിക ശക്തി വർധിപ്പിക്കുന്നതിനായി അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ 3,000 സൈനികരെ കൂടി പോളണ്ടിലേക്ക് അയക്കുമെന്ന് യുഎസ് നേരത്തെ പറഞ്ഞിരുന്നു.
Leave a Reply