ലണ്ടന്‍: ജനപ്രിയ നയങ്ങളും വന്‍കിടക്കാര്‍ക്ക് നികുതി വര്‍ദ്ധനയുമായി ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രഖ്യാപിച്ചു. വന്‍തുക ശമ്പളയിനത്തില്‍ ചെലവാക്കുന്ന കമ്പനികള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുന്ന ഫാറ്റ് ക്യാറ്റ് ടാക്‌സ് എന്ന പദ്ധതിയടക്കമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 3,30,000 പൗണ്ടിനു മേല്‍ ശമ്പളത്തിന് 2.5 ശതമാനം ലെവിയും 5 ലക്ഷത്തിനു മേല്‍ ശമ്പളമുള്ളവര്‍ക്ക് 5 ശതമാനം ലെവിയുമാണ് ലേബര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തുക പൊതുമേഖലയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും.

രണ്ട് വയസ് മുതല്‍ സ്‌കൂള്‍ പഠനം ആരംഭിക്കുന്നത് വരെയുള്ള കാലയളവില്‍ കുട്ടികള്‍ക്ക് നല്കുന്ന പരിചരണം വര്‍ദ്ധിപ്പിക്കുമെന്നും ലേബര്‍ വാഗ്ദാനം നല്‍കുന്നു. 80,000 പൗണ്ടിനു മുകളില്‍ ശമ്പളം വാങ്ങുന്നവരുടെ ആദായ നികുതി 45 ശതമാനമായി വര്‍ദ്ധിപ്പിക്കാനും 1,23,000 പൗണ്ടിനു മുകളിലുള്ളവര്‍ക്ക് ഇത് 50 ശതമാനമാക്കാനുമുള്ള നിര്‍ദേശവും പ്രകടനപത്രികയിലുണ്ട്. സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുയരുന്ന സ്വയംഭരണാവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ ഫെഡറല്‍ സ്വഭാവത്തിലേക്ക് രാജ്യം നീങ്ങുമെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ചിരുന്നവയേക്കാള്‍ വ്യത്യസ്തമായ പ്രകടനപത്രികയാണ് ലേബര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥയെ വീണ്ടും സന്തുലിതമാക്കാനുള്ള ശ്രമങ്ങളാണ് ലേബര്‍ ഉദ്ദേശിക്കുന്നതെന്നാണ് ഇതിനോട് കോര്‍ബിന്‍ പ്രതികരിച്ചത്. ഉയര്‍ന്ന ശമ്പളം ചിലര്‍ക്ക് മാത്രം നല്‍കുന്ന രീതി സമൂഹത്തില്‍ അസമത്വം വളര്‍ത്തുമെന്നും അതുകൊണ്ടാണ് ഈ രീതി നിയന്ത്രിക്കാന്‍ ലേബര്‍ ശ്രമിക്കുന്നതെന്നും കോര്‍ബിന്‍ വ്യക്തമാക്കി.