ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര കരാർ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തു. ഒരു വീഡിയോ കോൺഫറൻസിലൂടെയാണ് ഇരുവരും സംസാരിച്ചത്. യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള ചർച്ചയിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കാര്യമായ വിടവുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് നമ്പർ 10 വക്താവ് അറിയിച്ചു. ഈയൊരു വിടവ് നികത്താൻ ഇരുവശവും ശക്തമായി പ്രവർത്തിക്കേണ്ടതുണ്ട്. യുകെയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചർച്ചകൾ വെള്ളിയാഴ്ച കരാറില്ലാതെയാണ് പിരിഞ്ഞത്. മത്സ്യബന്ധനം, സർക്കാർ സബ്‌സിഡികൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇരുപക്ഷവും പരസ്പരം ആവശ്യപ്പെടുന്നുണ്ട്. ഭാവിയിൽ യൂറോപ്യൻ യൂണിയൻ -യുകെ ബന്ധത്തിന്റെ ശക്തമായ അടിത്തറയായി കാണുന്ന കരാർ ഒരുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.
യുകെയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കഴിയുന്നത്ര വേഗം ആരംഭിക്കുമെന്ന് യുകെയുടെ ചീഫ് നെഗോഷ്യേറ്റർ ലോർഡ് ഫ്രോസ്റ്റ് ട്വീറ്റ് ചെയ്തു. പല കാര്യങ്ങളിലും ഇരുപക്ഷവും വിട്ടുവീഴ്ച്ച ചെയ്താൽ മാത്രമേ സുഗമമായ നടത്തിപ്പ് സാധ്യമാകൂ. 27 വ്യത്യസ്ത സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ യൂറോപ്യൻ യൂണിയൻ നിറവേറ്റേണ്ടതുണ്ട്. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച വളരെ കഠിനമായ പ്രക്രിയയാണെന്നും എന്നാൽ സൗഹൃദപരമായി ഒരു കരാർ നേടാൻ കഴിയണമെന്നും വെർച്വൽ കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ സംസാരിച്ച കാബിനറ്റ് ഓഫീസ് മന്ത്രി മൈക്കൽ ഗോവ് പറഞ്ഞു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വളരെ വലിയ പ്രശ് നങ്ങൾ നിലനിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരാർ ഉറപ്പാക്കുന്നതിന് ഒക്ടോബർ 15 ന് നടക്കുന്ന യൂറോപ്യൻ യൂണിയൻ കൗൺസിൽ യോഗത്തിന്റെ സമയപരിധി പ്രധാനമന്ത്രി നിശ്ചയിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനത്തിന് മുമ്പ് തന്നെ ഒരു കരാറിലെത്തണമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. കരാർ ഒപ്പിട്ടിട്ടില്ലെങ്കിൽ ഇരുപക്ഷവും മുന്നോട്ട് പോകണമെന്ന് ജോൺസൺ പറഞ്ഞു. ഒരു കരാർ നടത്തിയെടുക്കാൻ സാധിച്ചില്ലെങ്കിൽ യുകെ ലോക വ്യാപാര സംഘടന നിയമങ്ങൾക്കനുസൃതമായാവും വ്യാപാരം നടത്തുക.
Leave a Reply