ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലീഷ് ചാനൽ കടക്കുവാൻ ശ്രമിക്കുന്നതിനിടെ ഇരുപത്തേഴോളം അഭയാർഥികൾ മരണപ്പെട്ട സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കുന്നതിന് ബ്രിട്ടനും ഫ്രാൻസും തമ്മിൽ സംയുക്ത സഹകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമനന്ത്രി ബോറിസ് ജോൺസൻ. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ മനുഷ്യക്കടത്തു നടത്തുവാൻ ശ്രമിക്കുന്നതായി സംശയിക്കുന്ന നാല് പേരെ ഡൻകിർക്, ഫ്രാൻസ് – ബെൽജിയൻ ബോർഡറിനു സമീപത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരിൽ അഞ്ചു സ്ത്രീകളും, ഒരു പെൺകുട്ടിയും ഉൾപ്പെടുന്നതായാണ് പോലീസ് നൽകുന്ന വിവരം. പ്രതികൂല കാലാവസ്ഥയിൽ നിറച്ച് ആളുകളുമായിയെത്തിയ ബോട്ടിനെ മത്സ്യബന്ധനക്കാരാണ് കണ്ടെത്തിയത്. ഉടൻതന്നെ സംഭവസ്ഥലത്തേയ്ക്ക് 3 കോസ്റ്റ് ഗാർഡ് കപ്പലുകളും, ഹെലികോപ്റ്ററും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും നിരവധി പേർ മരണപ്പെട്ടു. അടുത്തയിടെ നടന്ന ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ട ഒരു ദുരന്തമായാണ് ഇതിനെ വിലയിരുത്തുന്നത്. സംഭവത്തെ തുടർന്ന് അടിയന്തരമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ യോഗം വിളിച്ചുകൂട്ടി, സ്ഥിതിഗതികൾ വിലയിരുത്തി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുവാൻ ഫ്രാൻസും അനുവദിക്കുകയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മനുവേൽ മക്രോൺ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ അഭയാർഥികളെ അനുവദിക്കുന്ന തരത്തിലുള്ള ബ്രിട്ടന്റെ നയങ്ങളും മാറ്റണം എന്ന് അദ്ദേഹം ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഇരു നേതാക്കളും തമ്മിൽ ചർച്ച ഉണ്ടായതായും, സംഭവത്തിൽ രണ്ട് രാജ്യങ്ങളും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ധാരണയായതായും ടൗണിങ്ങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ആവശ്യമെങ്കിൽ ബ്രിട്ടൻ സൈനികരെ ഫ്രാൻസിൽ അയക്കാം എന്ന് ബോറിസ് ജോൺസൻ വാഗ്ദാനം ചെയ്തതായും വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അഭയാർഥികളുടെ മറവിൽ നിരവധി പേർ പണമുണ്ടാക്കാൻ ശ്രമിക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇത് അവസാനിപ്പിക്കാനുള്ള എല്ലാ നടപടികളും ബ്രിട്ടന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.