ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് മുസ്‌ലിമായതു കൊണ്ടാണെന്ന ആരോപണവുമായി വനിതാ മന്ത്രി. തന്റെ സ്വത്വം സഹപ്രവര്‍ത്തകരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി നുസ്‌റത്ത് ഗനി പറഞ്ഞു. 49 കാരിയായ നുസ്‌റത്ത് ബോറിസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. ബ്രിട്ടനിലെ ആദ്യ മുസ്‌ലിം വനിതാ മന്ത്രിയായിരുന്നു ഇവര്‍.
2108ലാണ് അധികാരമേറ്റത്. എന്നാല്‍ 2020 ഫെബ്രുവരിയില്‍ നടന്ന പുനഃസംഘടനയില്‍ ഇവര്‍ക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു. ‘മുസ്‌ലിം വനിതാ മന്ത്രിയെന്ന എന്റെ സ്റ്റാറ്റസ് സഹപ്രവര്‍ത്തരെ അസ്വസ്ഥപ്പെടുത്തിയിരുന്നു. വയറ്റില്‍ അടിയേറ്റ പോലെയായിരുന്നു അത്. ഞാന്‍ അപമാനിതയായി. എന്നാല്‍ സംഭവം പാര്‍ട്ടിയിലുള്ള വിശ്വാസത്തെ ഉലച്ചിട്ടില്ല. എംപി സ്ഥാനം രാജി വയ്ക്കണമെന്ന് ആലോചിച്ചിരുന്നു’ അവര്‍ വ്യക്തമാക്കി.
അതേസമയം, നുസ്‌റത്തിന്റെ ആരോപണങ്ങള്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് മാര്‍ക് സ്‌പെന്‍സര്‍ തള്ളി. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ് എന്നും അസംബന്ധമാണ് എന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണം അന്വേഷിക്കണമെന്ന് മന്ത്രി നദിം സവാഹി ആവശ്യപ്പെട്ടു.
Leave a Reply