ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാബിനറ്റ് പുനഃസംഘടനയിൽ സുപ്രധാന മാറ്റങ്ങളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ ജസ്റ്റിസ് ഡിപ്പാർട്മെന്റിലേക്ക് മാറ്റുകയും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസനെ പുറത്താക്കുകയും ചെയ്തു. ചാൻസലർ റിഷി സുനക്കും ഹോം സെക്രട്ടറി പ്രീതി പട്ടേലും അവരുടെ സ്ഥാനം നിലനിർത്തി. ലിസ് ട്രൂസിന് വിദേശകാര്യ സെക്രട്ടറിയായി സ്ഥാനകയറ്റം ലഭിച്ചപ്പോൾ നദിൻ ഡോറിസിന് സാംസ്‌കാരിക വകുപ്പ് ലഭിച്ചു. പകർച്ചവ്യാധി ഏല്പിച്ച ആഘാതത്തിൽ നിന്ന് തിരിച്ചുവരാൻ ശക്തവും ഐക്യവുമുള്ള ഒരു ടീമിനെ സജ്ജമാക്കുക എന്നതാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. ഇനിയുള്ള പ്രധാന വകുപ്പുകളിലേക്കും ഉടൻ നിയമനം ഉണ്ടായേക്കും.

46 -ആം വയസ്സിൽ, ലിസ് ട്രൂസ് യുകെയിലെ രണ്ടാമത്തെ വനിതാ വിദേശകാര്യ സെക്രട്ടറിയായി. 15 വർഷം മുമ്പ് ലേബറിന്റെ മാർഗരറ്റ് ബെക്കറ്റ് യുകെയുടെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി പദം അലങ്കരിച്ചിരുന്നു. ജസ്റ്റിസ് സെക്രട്ടറിയും ലോർഡ് ചാൻസലറും കൂടാതെ, ഡൊമനിക് റാബിന് ഉപപ്രധാനമന്ത്രി പദവിയും നൽകിയിട്ടുണ്ട്. അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടിയിൽ ഉണ്ടായ പിഴവാണ് അദ്ദേഹത്തിന്റെ വിദേശകാര്യ സെക്രട്ടറി സ്ഥാനം നഷ്ടമാവാൻ കാരണമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. വാക്സിൻ മന്ത്രി നാദിം സഹാവിയെ വിദ്യാഭ്യാസ സെക്രട്ടറിയായി ഉയർത്തിയിട്ടുണ്ട്. ഹൗസിങ് സെക്രട്ടറി റോബർട്ട് ജെൻറിക്ക് പുറത്താക്കപ്പെട്ടു. അതിനു പകരമായി മൈക്കിൾ ഗോവിനെ നിയമിച്ചു.

അമാൻഡ മില്ലിന് പകരം ഡൗഡൻ കൺസർവേറ്റീവ് പാർട്ടിയുടെ സഹ അധ്യക്ഷനാകും. സൈമൺ ക്ലാർക്ക് ട്രഷറിയുടെ ചീഫ് സെക്രട്ടറിയാകുമ്പോൾ സ്‌കൂൾ മന്ത്രിയായ നിക്ക് ഗിബ് ഏഴ് വർഷത്തിന് ശേഷം സർക്കാർ വിടുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ കാലഘട്ടങ്ങളിലൊന്നിലൂടെയാണ് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ കടന്നുപോയത്. പകർച്ചവ്യാധിയുടെ നാളുകളിൽ ഉടനീളം വിദ്യാഭ്യാസ നടപടികൾ സംബന്ധിച്ച് ഏറ്റവുമധികം വിമർശനങ്ങൾക്ക് ഇരയായതും വില്യംസൺ ആയിരുന്നു.