സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19 ബാധിച്ച് യുകെയിൽ ഇന്നലെ മാത്രം മരണമടഞ്ഞവർ 938 പേർ. മരണനിരക്ക് ഓരോ ദിവസവും കുത്തനെ ഉയരുകയാണ്. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിലെ ആകെ മരണങ്ങളുടെ എണ്ണം ഇപ്പോൾ 7,097 ആണ്. ഡിസംബറിൽ പകർച്ചവ്യാധി ആരംഭിച്ച ചൈനയുടെ ഇരട്ടിയാണ് ഇത്. ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,491 പേർക്കാണ്. ഇതോടെ ബ്രിട്ടനിലെ ആകെ രോഗബാധിതരുടെ എണ്ണം 60,733 ആയി ഉയർന്നു. മാർച്ച്‌ 27ന് ഇറ്റലിയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട മരണങ്ങളെക്കാൾ അധികമാണ് ഇന്നലെ യുകെയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് ആശുപത്രികളിൽ 828 പേർ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. 22 നും 103 നും ഇടയിൽ പ്രായമുള്ള രോഗികളിൽ 42 പേർ ആരോഗ്യവാന്മാരായിരുന്നു. മറ്റ് 110 മരണങ്ങൾ സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മരണസംഖ്യ ഏറുന്ന നിമിഷത്തിലും ബ്രിട്ടിഷ് ജനതയ്ക്ക് ആശ്വസിക്കാൻ ഇന്നലെ ഒരു വാർത്ത പുറത്തുവന്നു; രോഗം തീവ്രമായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില മെച്ചപ്പെടുന്നു. 10 ദിവസമായി പനി ബാധിച്ച് ഐസൊലേഷനിൽ ആയിരുന്ന പ്രധാനമന്ത്രിയെ തിങ്കളാഴ്ച രാത്രി ആണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണത്തിൽ രണ്ട് രാത്രികൾ കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചു. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ടീമുമായി ജോൺസൻ കിടക്കയിൽ ഇരുന്ന് ഇടപഴകുന്നതായും സുനക് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊറോണ വൈറസ് മരണങ്ങൾ അതിതീവ്രമായി തന്നെ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ തിങ്കളാഴ്ച പിൻവലിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അടുത്ത തിങ്കളാഴ്ച യുകെയുടെ ലോക്ക്ഡൗൺ അവസാനിക്കുന്നത് ഡൗണിംഗ് സ്ട്രീറ്റ് പരിഗണിച്ചേക്കില്ല , അത് മൂന്നാഴ്ച കൂടി നീട്ടാനുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ച നടക്കുന്ന ഒരു ഉന്നത തല മീറ്റിംഗിൽ ഈ കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും സുനക് പറഞ്ഞു. ലോക്ക്ഡൗൺ നിയമങ്ങൾ ഉടൻ തന്നെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ മുന്നറിയിപ്പ് നൽകി. രോഗവ്യാപനം നിയന്ത്രണാതീതമല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് സർക്കാർ ഡെപ്യൂട്ടി ചീഫ് സയന്റിഫിക് അഡ്വൈസർ പ്രൊഫസർ ഏഞ്ചല മക്ലീൻ പറഞ്ഞു. പകർച്ചവ്യാധികൾക്കിടയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാൻ 750 മില്യൺ ഡോളർ ഫണ്ടിംഗ് പാക്കേജും ചാൻസലർ പുറത്തിറക്കി. ലണ്ടനിൽ ഒമ്പത് ബസ് തൊഴിലാളികൾ ഉൾപ്പെടെ 14 പൊതുഗതാഗത ഉദ്യോഗസ്ഥർ രോഗം ബാധിച്ച് മരിച്ചു. ഡ്രൈവറുടെ അടുത്ത് പോകുന്നത് ഒഴിവാക്കാൻ ചില ബസുകൾ പിൻവാതിലിലൂടെ മാത്രം യാത്രക്കാരെ ബസ്സിൽ കയറാൻ അനുവദിക്കുന്നതായി മേയർ പറഞ്ഞു. ഹോം ഡെലിവറി ആവശ്യകത നിറവേറ്റാൻ കഴിയാത്തതിനാൽ മിക്ക ഭക്ഷണങ്ങളും സ്റ്റോറിൽ നിന്ന് തന്നെ വാങ്ങേണ്ടിവരുമെന്ന് സൂപ്പർമാർക്കറ്റ് ടെസ്‌കോ പറഞ്ഞു.

ആഗോളതലത്തിൽ മരണസംഖ്യ 88,433 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ മാത്രം 6,397 പേരാണ് മരിച്ചത്. അമേരിക്കയിൽ 1,925 പേരും സ്പെയിനിൽ 747 ഇറ്റലിയിൽ 542 പേരും ഇന്നലെ മരണപെട്ടു. ആകെ മരണസംഖ്യയിൽ അമേരിക്കയും സ്പെയിനും ഒപ്പത്തിനൊപ്പമാണ്. ഇറ്റലിയിൽ ഇതുവരെ 17,669 പേർക്ക് ജീവൻ നഷ്ടപെട്ടുകഴിഞ്ഞു. ലോകത്താകെയുള്ള രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. മൂന്നുലക്ഷത്തിൽ അധികം പേർക്ക് അസുഖം ഭേദമായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ആറായിരത്തോട് അടുക്കുന്നു. 178ഓളം മരണങ്ങൾ ഇന്ത്യയിൽ സംഭവിച്ചുകഴിഞ്ഞു.