മോസ്‌കോ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന 2018 ലോകകപ്പ് ഫുട്‌ബോളിനെ 1936ല്‍ ഹിറ്റ്‌ലര്‍ നടത്തിയ ജര്‍മന്‍ ഒളിമ്പിക്‌സുമായി താരതമ്യം ചെയ്ത് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥനും ബ്രിട്ടീഷ് ചാരനുമായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ നെര്‍വ് ഏജന്റ് ആക്രമണത്തിനിരയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിമര്‍ശനവുമായി ഫോറിന്‍ സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ആഭിമുഖ്യത്തില്‍ സമ്മറില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് കാണുന്നത് അത്യധികം വെറുപ്പുളവാക്കുന്ന കാര്യമാണ്. റഷ്യയുടെ അതിക്രൂരവും മലീമസവുമായ ഭരണത്തെ ലോകത്തിന് മുന്നില്‍ ന്യായീകരിച്ചു കാണിക്കാനുള്ള അവസരമായി ലോകകപ്പ് വിനിയോഗിക്കപ്പെടുമെന്നും ഫോറിന്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. ബ്രിട്ടീഷ് ഫുട്‌ബോള്‍ ആരാധകര്‍ റഷ്യന്‍ ലോകകപ്പിന് പോകരുതെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഫോറിന്‍ ഓഫീസ് നിര്‍ത്തലാക്കിയിട്ടുണ്ട്. പക്ഷേ ആരാധകര്‍ക്ക് റഷ്യയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് എന്ന രൂപത്തിലാണ് ജോണ്‍സന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.
ബ്രിട്ടനിലെ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവരോ മന്ത്രിമാരോ റഷ്യന്‍ ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ബ്രിട്ടന്‍ ആലോചിക്കണമെന്നും മത്സരങ്ങള്‍ കാണുന്നതിനായി റഷ്യയിലെത്തുന്ന ഇംഗ്ലണ്ട് ആരാധകരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും ലേബര്‍ എംപി ഇയാന്‍ ഓസ്റ്റിന്‍ അഭിപ്രായപ്പെട്ടു. ന്യൂക്ലിയര്‍ ശക്തിയായ ഒരു രാജ്യത്തിന്റെ നേതാവായി പുടിന്‍ മാറിയത് ഭയപ്പാടുണ്ടാക്കുന്ന കാര്യമാണെന്നും ഫുട്‌ബോള്‍പ്രേമി കൂടിയായ ലേബര്‍ എംപി കൂട്ടിച്ചേര്‍ത്തു. 1936ലെ ഒളിമ്പിക്‌സിനെ ഹിറ്റ്‌ലര്‍ എങ്ങനെയാണോ ഉപയോഗപ്പെടുത്തിയത് അതിനു സമാന രീതിയില്‍ പുടിന്‍ വരുന്ന ലോകകപ്പിനെയും ഉപയോഗപ്പെടുത്തുമെന്ന് കോമണ്‍സ് ഫോറിന്‍ അഫേയേര്‍സ് കമ്മറ്റിക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കുന്നു. പുടിന്‍ ഉത്തരവാദിയായിരിക്കുന്ന ക്രൂരപ്രവൃത്തികളെയും മലിനമായ ഭരണത്തെയും വെള്ളപൂശാനുള്ള പിആര്‍ വര്‍ക്കുകള്‍ ലോകകപ്പിലൂടെ നടത്താനാണ് റഷ്യ പദ്ധതിയിടുന്നതെന്നും ജോണ്‍സണ്‍ പറയുന്നു.
തുറന്ന് പറയുകയാണെങ്കില്‍ 1936ല്‍ ഹിറ്റ്‌ലര്‍ നടത്തിയ ഒളിമ്പിക്‌സുമായുള്ള താരതമ്യം വളരെ ശരിയാണ്. ലോകകപ്പോടു കൂടി പുടിന്‍ എന്ന നേതാവ് ലോകത്തിന് മുന്നില്‍ പ്രകീര്‍ത്തിക്കപ്പെടും. ഇഗ്ലണ്ട് ആരാധകര്‍ ലോകകപ്പ് കാണാനായി റഷ്യയിലേക്ക് യാത്ര ചെയ്യുന്നത് നിരോധിക്കുന്നത് ശരിയായ നടപടിയല്ല. പക്ഷേ റഷ്യയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുവെന്ന സത്യം അവരെ അറിയിക്കേണ്ടതുണ്ട് ജോണ്‍സണ്‍ വ്യക്തമാക്കി. ഇത്തവണ റഷ്യയിലേക്ക് ലോകകപ്പ് കാണാന്‍ പോകുന്നത് 24,000 ആരാധകരാണ്. എന്നാല്‍ കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിന് ഇഗ്ലണ്ടില്‍ നിന്നും 94,000 പേര്‍ പങ്കെടുത്തിരുന്നു. അതേ സമയം ഫോറിന്‍ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി റഷ്യ രംഗത്ത് വന്നു. ബോറിസ് ജോണ്‍സണിന്റെ പ്രസ്താവന ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വിഷം നിറഞ്ഞതാണെന്ന് റഷ്യന്‍ ഫോറിന്‍ മിനിസ്ട്രി വക്താവ് പ്രതികരിച്ചു.
Leave a Reply