ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കഴിഞ്ഞ ശരത്കാലത്തിൽ കേസുകൾ ഉയർന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ബോറിസ് ജോൺസൺ വിമുഖത കാണിച്ചതായി ഡൊമിനിക് കമ്മിംഗ് സ്. 80 വയസ്സിനു മുകളിൽ ഉള്ളവർ മാത്രമാണ് മരണപ്പെടുന്നതെന്ന വാദം ഉന്നയിച്ചാണ് പ്രധാനമന്ത്രി ലോക്ക്ഡൗൺ തീരുമാനം തള്ളിയതെന്ന് കമ്മിംഗ്സ് വെളിപ്പെടുത്തി. എൻഎച്ച്‌എസിന്റെ സാധനങ്ങൾ ഞാൻ മേലിൽ വാങ്ങില്ലെന്ന് പ്രധാനമന്ത്രി സന്ദേശം അയച്ചതായും അദ്ദേഹം പറഞ്ഞു. ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ ക്യൂൻസ്ബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ജോൺസന്റെ മുൻ മുഖ്യ ഉപദേഷ്ടാവ് കമ്മിംഗ് സ് തന്റെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു ടിവി അഭിമുഖം നൽകുന്നത് ഇതാദ്യമാണ്. എന്നാൽ പകർച്ചവ്യാധികളിലുടനീളം ജീവിതവും ഉപജീവനവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി പ്രധാനമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. മൂന്ന് ദേശീയ ലോക്ക്ഡൗണുകളിലൂടെ എൻഎച്ച്‌എസിനെ അമിത സമ്മർദ്ദത്തിൽ നിന്ന് സർക്കാർ തടഞ്ഞിരുന്നുവെന്ന് വക്താവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം പകർച്ചവ്യാധിയുടെ ആരംഭത്തിൽ തന്നെ, രാജ്ഞിയുമായി ആഴ്ചതോറും മുഖാമുഖം കൂടിക്കാഴ്ചകൾ നടത്താൻ ജോൺസൺ ആഗ്രഹിച്ചിരുന്നുവെന്ന് കമ്മിംഗ്സ് പറഞ്ഞു. എന്നാൽ രാജ്ഞിയുടെ പ്രായം പരിഗണിച്ച് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് കോവിഡ് കേസുകൾ കുറഞ്ഞുവെങ്കിലും ശരത്കാലം ആരംഭിച്ചതോടെ വീണ്ടും അതിവേഗം ഉയരാൻ തുടങ്ങി. താനും യുകെ ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയും സെപ്റ്റംബർ പകുതി മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ശക്തമായി വാദിച്ചെന്ന് കമ്മിംഗ്സ് ബിബിസിയോട് പറഞ്ഞു. എന്നാൽ ജോൺസൻ ആ തീരുമാനം പൂർണമായും നിരസിച്ചു. നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കരുതെന്ന് പ്രധാനമന്ത്രിക്ക് തീരുമാനം ഉണ്ടായിരുന്നു.
ഒക്ടോബർ 13 ന്, കോവിഡ് മരണങ്ങൾ ഒരു ദിവസം 100 ൽ കൂടുതൽ ഉയർന്നതോടെ, ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ രണ്ടോ മൂന്നോ ആഴ്ച സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇത് തള്ളിക്കളഞ്ഞു. കോവിഡ് പിടിപെട്ട് മരിക്കുന്നവരുടെ ശരാശരി പ്രായം പുരുഷന്മാർക്ക് 81 നും 82 നും ഇടയിലും സ്ത്രീകൾക്ക് 85 ഉം ആയിരുന്നെന്ന് പ്രധാനമന്ത്രി ഒക്ടോബർ 15ന് കമ്മിംഗ്സിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. “60 വയസ്സിന് താഴെയുള്ളവർ അങ്ങനെ ആശുപത്രിയിൽ പോകില്ല. എല്ലാവരും അതിജീവിക്കുന്നു. 80 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഈ രാജ്യത്ത് പരമാവധി 3 മില്യൺ ഉണ്ട്.” സന്ദേശത്തിൽ ഇപ്രകാരം പറയുന്നു. ഒക്ടോബർ 31 ന് പ്രധാനമന്ത്രി ഇംഗ്ലണ്ടിനായി നാല് ആഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എൻഎച്ച്എസിനെ സംരക്ഷിക്കാൻ ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതു അന്വേഷണം ഉണ്ടെങ്കിൽ തന്റെ പല അവകാശവാദങ്ങളും സ്ഥിരീകരിക്കപ്പെടുമെന്ന് കമ്മിംഗ്സ് പറഞ്ഞു. ഡൊമിനിക് കമ്മിംഗ്സുമായുള്ള അഭിമുഖം യുകെയിൽ ബിബിസി ടുവിൽ ബ്രിട്ടീഷ് സമയം ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് സംപ്രേക്ഷണം ചെയ്യും. ഇത് ബിബിസി ഐ പ്ലെയർ , ബിബിസി സൗണ്ട്സ് എന്നിവയിൽ ലഭ്യമാണ്.
Leave a Reply