ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കുരങ്ങുപനി ഭീതിയിൽ ബ്രിട്ടൻ. സ്കോട്ട്ലൻഡിൽ ഇന്നലെ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു. ഇന്നലെ 36 പേർക്ക് കൂടി രോഗം റിപ്പോർട്ട്‌ ചെയ്തതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 57 ആയി ഉയർന്നു. അതേസമയം, കുരങ്ങുപനി അത്ര ഗുരുതരമാകില്ലെന്നും എന്നാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. കുരങ്ങുപനി കോവിഡ് പോലെ മാരകമല്ലെന്നും അതിനാൽ വലിയ പ്രതിസന്ധി ഉണ്ടാകില്ലെന്നും മന്ത്രിമാർ വിശദീകരിച്ചു. രോഗികളുടെ എണ്ണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ജോൺസൺ പറഞ്ഞു.

കോവിഡ് പോലെ കുരങ്ങുപനി നിയന്ത്രണാതീതമാകില്ലെന്ന് ആരോഗ്യ വിദഗ്ധർ ഉറപ്പുനൽകുന്നു. എന്നാൽ സ്ഥിതി ആശങ്കാജനകമാണെന്ന് അവർ വിലയിരുത്തി. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവർക്ക് 21 ദിവസം സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വവർഗാനുരാഗികൾക്കിടയിൽ രോഗം പടർന്നത് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പ് യുകെ പുറപ്പെടുവിച്ചു.

ഇന്നലെ ഡെന്മാർക്കിലും രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ കുരുങ്ങുപനിക്കും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്. ജനങ്ങൾക്കു മുഴുവൻ വാക്സീൻ നൽകുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ രോഗികൾക്കും സമ്പർക്കത്തിലുള്ളവർക്കും വാക്സീൻ നൽകുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജൻസി ഉപദേഷ്ടാവ് ഡോ.സൂസൻ ഹോപ്കിൻസ് പറഞ്ഞു. ലോകമെമ്പാടും ഇതുവരെ 126 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.