ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോക ഫുട്ബാളിനെ ഞെട്ടിക്കുന്ന വാർത്തയാണ് ഞായറാഴ്ച വൈകിട്ട് യൂറോപ്യൻ ഫുട്ബാളിൽ ഉടലെടുത്തത്. നിലവിൽ യൂറോപ്യൻ ക്ലബ് ഫുട്ബോളിനെ നിയന്ത്രിക്കുന്ന ചാമ്പ്യൻസ് ലീഗിന് വലിയ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് പുതിയ യൂറോപ്യൻ സൂപ്പർ ലീഗുമായി 12 വമ്പൻ ക്ലബുകളാണ് രംഗത്തെത്തിയത്. നിലവിലെ ആഭ്യന്തര, യൂറോപ്യൻ ക്ലബ് മത്സരങ്ങളെ ബാധിക്കില്ലെന്നാണ് മുന്നിട്ടിറങ്ങുന്ന ക്ലബുകളുടെ വാദമെങ്കിലും പണക്കാരുടെ മാത്രം കളിയായി ഫുട്ബോൾ മാറുമെന്നും ചെറു ക്ലബുകൾ കൂടുതൽ ഒതുക്കപ്പെടുമെന്നുമാണ് മറുവാദം. വമ്പൻ ക്ലബുകളിലേയ്ക്ക് മാത്രം പണം സ്വരൂപിക്കുന്നുവെന്നും വിമർശനമുണ്ട്. 12 ടീമുകളാണ് സൂപ്പർ ലീഗിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിൽനിന്ന് ആറും (മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ, ചെൽസി, ടോട്ടൻഹാം) സ്പെയിനിൽനിന്ന് മൂന്നും (റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്) ഇറ്റലിയിൽനിന്ന് മൂന്നും (യുവന്റസ്, എ.സി മിലാൻ, ഇന്റർ മിലാൻ) ക്ലബുകളാണ് സ്ഥാപക ക്ലബുകൾ എന്ന പേരിലുള്ളത്. ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്ട്മുണ്ട്, പി.എസ്.ജി തുടങ്ങിയ ടീമുകൾ സൂപ്പർ ലീഗിൽ ചേരാനുള്ള ക്ഷണം നിരസിച്ചു. 20 ടീമുകളെയാണ് സൂപ്പർ ലീഗിൽ പ്രതീക്ഷിക്കുന്നത്.
സൂപ്പർ ലീഗ് ആശയത്തിനെതിരെ ഫുട്ബോൾ ലോകത്ത് ഒന്നാകെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. നിർദ്ദേശിക്കുന്ന രീതിയിൽ ലീഗ് മുന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ മന്ത്രിമാർ പ്രവർത്തിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. ആറ് പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകൾ ഉൾപ്പെടുന്ന യൂറോപ്യൻ സൂപ്പർ ലീഗിന് തടയിടാൻ എന്തും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ ഈ നിർണായക നിമിഷത്തിൽ ഫുട്ബോളിനെ രക്ഷിക്കാനാണ് ഞങ്ങൾ ഇത് ചെയ്യുന്നതെന്നാണ് റയൽ മാഡ്രിഡ് പ്രസിഡന്റിന്റെ വാദം. നാം ഏറ്റവും ഇഷ്ടപ്പെടുന്ന ഫുട്ബോൾ നശിക്കാനുള്ള കാരണമാകും ഈ തീരുമാനമെന്ന് കേംബ്രിഡ് ജ് ഡ്യൂക്ക് അഭിപ്രായപ്പെട്ടു.
പണക്കൊഴുപ്പിന്റെ മാത്രം കളിയായി ഫുട്ബാൾ തരംതാഴുമെന്നും എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്ന കാൽപന്തുകളിയുടെ സംസ്കാരം ഇല്ലാതാകുമെന്നും എതിർപ്പുയർത്തുന്നവർ പറയുന്നു. യൂറോപ്യൻ ഫുട്ബാൾ ഭരണകർത്താക്കളായ യുവേഫ, ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗ്, ഇറ്റാലിയൻ ഫുടബാൾ ഫെഡറേഷനും സീരീ എയും റോയൽ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനും ലാ ലീഗയും സൂപ്പർ ലീഗിനെതിരെ സംയുക്ത പ്രസ്താവനയിറക്കി. നിയമപരമായും അല്ലാതെയും ഇതിനെ നേരിടുമെന്നും ഇവർ വ്യക്തമാക്കി. സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ വിലക്കുമെന്ന് യുവേഫയും ഫിഫയും വ്യക്തമാക്കിയിട്ടുണ്ട്. ഫിഫയുടേയും യുവേഫയുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് സൂപ്പര്‍ ക്ലബുകൾ മുന്നോട്ടുപോവുന്നതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്.
Leave a Reply