ലിസ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ബ്രിട്ടൻ :- പാർലമെന്റ് പിരിച്ചു വിട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ കോടതി വിധി നൽകിയത് അനുചിതമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. രാഷ്ട്രീയമായ ഒരു വിവാദ വിഷയത്തിൽ കോടതി വിധി നൽകിയത് ശരിയായില്ല. ഒരു അവിശ്വാസ വോട്ടെടുപ്പിനെ നേരിടാൻ തന്റെ ഗവൺമെന്റ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടി നേതാവ് ജെർമി കോർബിന് നേരെയുള്ള വെല്ലുവിളിയായാണ് ബോറിസ് ജോൺസൺ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന സുപ്രീംകോടതിയുടെ വിധിക്കുശേഷം, പ്രധാനമന്ത്രി സ്ഥാനത്ത് തുടരുവാൻ ജോൺസന് അർഹതയില്ലെന്നും രാജിവെക്കണമെന്നും ജെർമി കോർബിൻ ആവശ്യപ്പെട്ടിരുന്നു.

കോടതിവിധിക്ക് ശേഷം പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ നേരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. കോടതി വിധിയോടുള്ള ജോൺസന്റെ പ്രതികരണം തെറ്റാണെന്ന് ലേബർ പാർട്ടി വക്താവ് ജെസ് ഫിലിപ്സ് രേഖപ്പെടുത്തി. ഒരു സ്വേച്ഛാധിപതി പോലെയാണ് ജോൺസൺ പെരുമാറുന്നതെന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടി വക്താവും, അഭിഭാഷകനുമായ ജൊഹാൻ ചെറി രേഖപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടീഷ് സുപ്രീംകോടതി കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം ശരിയായില്ല എന്ന വിധിന്യായം പുറപ്പെടുവിച്ചത്. ഇതിനെ തുടർന്ന് തന്റെ ന്യൂയോർക്ക് യാത്ര വെട്ടിച്ചുരുക്കി ബോറിസ് ജോൺസൺ ബ്രിട്ടനിലേക്ക് തിരിച്ചുവന്നു. കോടതിവിധിയെ താൻ ബഹുമാനിക്കുന്നുവെന്നും, എന്നാൽ ഇത്തരമൊരു രാഷ്ട്രീയ വിവാദ വിഷയത്തിൽ കോടതി ഇടപെട്ടത് ശരിയായില്ല എന്ന് അദ്ദേഹം രേഖപ്പെടുത്തി. വീണ്ടുമൊരു ഇലക്ഷനെ നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ലേബർ പാർട്ടി നേതാക്കൾ ആരോപിച്ചു.

മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ ഇല്ലാതെ ഇലക്ഷൻ നടപ്പിലാക്കാൻ പ്രധാനമന്ത്രിക്ക് സാധ്യമല്ല. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പലഭാഗത്തുനിന്നും ഉയർന്നുവന്നിട്ടുണ്ട്. രാഷ്ട്രീയമായ ഒരു പ്രതിസന്ധിയിലാണ് ബ്രിട്ടൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.