ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ചരക്ക് വാഹന ഡ്രൈവർമാരുടെ കുറവ് കാരണം ഇന്ധന ക്ഷാമം രൂക്ഷമായതിനാൽ പെട്രോൾ സ്റ്റേഷനുകളിൽ രണ്ടാം ദിനവും വാഹനങ്ങളുടെ നീണ്ട നിര. യുകെയിൽ 100,000 ഡ്രൈവർമാരുടെ കുറവുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഭക്ഷണം, പെട്രോൾ തുടങ്ങിയ ആവശ്യവസ്തുക്കളുടെ വിതരണത്തെ തടസപ്പെടുത്തുന്നുണ്ട്. അതേസമയം വിദേശ ഡ്രൈവർമാരെ യുകെയിൽ എത്തിക്കുന്നതിനായി കുടിയേറ്റ നിയമങ്ങളിൽ ഇളവ് വരുത്താനും 5,000 വിദേശ ലോറി ഡ്രൈവർമാർക്ക് വിസ നൽകാനും പ്രധാനമന്ത്രി ഒരുങ്ങുകയാണ്. ഇന്ധനക്ഷാമം സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഡ്രൈവർ ക്ഷാമം പരിഹരിക്കുന്നതിനായി ആയിരക്കണക്കിന് വിദേശ ഡ്രൈവർമാർക്ക് പ്രധാനമന്ത്രി വിസ നൽകുമെന്നും ലൈസൻസ് നേടാൻ ശ്രമിക്കുന്ന ഡ്രൈവർമാരെ എച്ച്ജിവി ടെസ്റ്റിംഗ് സൈറ്റുകളിൽ സഹായിക്കാൻ സൈനികരെ ഒരുക്കുമെന്നും പ്രതീക്ഷിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് വ്യാപനം കാരണം പരിശോധന മുടങ്ങിയതിനാൽ ബ്രിട്ടനിൽ 90,000 ത്തിലധികം ഡ്രൈവർമാരുടെ കുറവുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ടാങ്കർ ഡ്രൈവർമാരുടെ അഭാവം ഇന്ധന വിതരണത്തെ തടസപ്പെടുത്തുമെന്ന് ബിപിയും എസ്സോയും വ്യാഴാഴ്ച അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഈ വാർത്ത പെട്രോൾ പമ്പുകളിൽ തിരക്ക് വർധിക്കുന്നതിന് കാരണമായി. തുടർന്ന് നിരവധി പെട്രോൾ സ്റ്റേഷനുകൾ അടച്ചുപൂട്ടി. എല്ലാ പെട്രോൾ സ്റ്റേഷനുകളിലും ഫലപ്രദമായി വിതരണം നടത്താൻ ആവശ്യമായ ലോറി ഡ്രൈവർമാർ ഇല്ലെന്നതാണ് സർക്കാരിനെയും പൊതുജനങ്ങളെയും ആശങ്കയിലാക്കുന്ന പ്രധാന കാര്യം.

ഡ്രൈവർ ക്ഷാമം എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ചുള്ള അടിയന്തര ചർച്ചകൾക്കായി മന്ത്രിമാർ ഇന്നലെ യോഗം ചേർന്നിരുന്നു. കുടിയേറ്റ നിയമങ്ങൾ ലഘൂകരിക്കാനാണ് ട്രക്കിങ് കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. പ്രതിസന്ധിയെ നേരിടാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും ഇതവരുടെ പരാജയമാണെന്നും ലേബർ ഡെപ്യൂട്ടി ലീഡർ ആഞ്ചല റെയ്‌നർ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഞങ്ങൾ താൽക്കാലിക നടപടികൾ സ്വീകരിക്കുമെന്ന് ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി. ഏറ്റവും പുതിയ ഒഎൻഎസ് ലേബർ ഫോഴ്സ് സർവേ പ്രകാരം 14,000 യൂറോപ്യൻ യൂണിയൻ ലോറി ഡ്രൈവർമാർ ജൂൺ 2020 വരെയുള്ള കാലയളവിൽ യുകെ വിട്ടിട്ടുണ്ട്.