ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജൂലൈ 19 ന് ശേഷം ഫെയ്സ് മാസ്കുകൾ ധരിക്കുന്നതും , സാമൂഹിക അകലം പാലിക്കുന്നതും ഒഴിവാക്കാനുള്ള പ്രഖ്യാപനം ഇന്ന് പ്രധാനമന്ത്രി നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിൽ നിലവിലുള്ള നിയന്ത്രണങ്ങളും ഈ മാസം അവസാനത്തോടെ ഒഴിവാക്കും. എന്നാൽ ഈ തീരുമാനത്തിനെതിരെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. പൂർണമായി ഇളവുകൾ നൽകുന്നത് രോഗം വർധിക്കാനുള്ള സാധ്യത ഉണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് നടത്തുന്ന വാർത്താസമ്മേളനത്തിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തും.
ഇതോടൊപ്പം തന്നെ പുതിയതായി ചാർജ് എടുത്ത ആരോഗ്യ സെക്രട്ടറി, സാജിദ് ജാവേദിന്റെ അഭിപ്രായങ്ങളും പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്. ഈ രോഗത്തെ പൂർണമായും ഒഴിവാക്കാനാവില്ലെന്നും,അതിനാൽ തന്നെ ഈ രോഗത്തോട് പൊരുത്തപ്പെട്ട് ജീവിക്കാനാണ് ജനങ്ങൾ ശ്രമിക്കേണ്ടതെന്നും കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ നൈറ്റ് ക്ലബ്ബുകളും മറ്റും തുറക്കാനുള്ള അനുമതി ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തീരുമാനങ്ങൾ ശാസ്ത്രജ്ഞരെയും ആരോഗ്യ വിദഗ്ധരേയും ആശങ്കയിലാഴ്ത്തി യിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായത്തിൽ ഉള്ള അതൃപ്തി നിരവധി പേർ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. എന്നാൽ വാക്‌സിനേഷൻ മരണനിരക്ക് ക്രമാതീതമായി കുറയ്ക്കുവാൻ സഹായിച്ചിട്ടുണ്ട് എന്നാണ് മന്ത്രിമാരുടെ നിഗമനം. ഏകദേശം 78 മില്യൺ ഡോസ് വാക്സിനുകൾ ഇതിനോടകംതന്നെ യുകെയിൽ വിതരണം ചെയ്തു കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യു കെയിലെ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇളവുകൾ നൽകിയതിനു ശേഷമുള്ള കുറച്ചു ദിവസങ്ങളിലും ഇതു തന്നെ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply