കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൽ സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, വീട്ടിൽ നിന്നും ജോലി ചെയ്യൽ ഉൾപ്പെടെയുള്ള നിബന്ധനകൾ ജൂലൈ 19 നു ശേഷം പിൻവലിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡിന് മുന്നിൽ തളരാതെ റോഡ് മാപ്പുമായി മുന്നോട്ട്.
പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി ഉയർന്ന് 27,000 വരെ ആയിട്ടും റോഡ് മാപ്പുമായി മുന്നോട്ടു പോകാൻ ജോൺസൺ തീരുമാനിക്കുകയായിരുന്നു. കേസുകൾ ദിവസേന 50,000 വരെ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 16 മാസത്തോളമായി പല രൂപത്തിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയരായ ജനങ്ങളോട് ‘ഇപ്പോഴല്ലെങ്കിൽ ഇനിയൊരിക്കലും ഈ നിയന്ത്രണങ്ങൾ നീക്കാനാവില്ലെന്നും’ അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെ അപകട സാധ്യതകളും, തുടർച്ചയായ നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ടു പോകുന്നതിലുള്ള ബുദ്ധിമുട്ടുകളും താരതമ്യം ചെയ്തതിനു ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ശരത്കാലത്തും ശൈത്യകാലത്തും വൈറസ് ശക്തി പ്രാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജോൺസൺ കൂട്ടിച്ചേർത്തു. വേനൽക്കാലവും സ്കൂൾ അവധിദിനങ്ങളും ഉപയോഗിച്ച് വൈ വൈറസിനെതിരെ പോരാടാൻ കൂടുതൽ കരുത്തരാകാനും അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തു.
ജൂലൈ 19 ന് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള നിർദേശവും ഒരു മീറ്ററിലധികം സാമൂഹിക അകലം പാലിക്കണമെന്നുള്ള നിർദേശവും പിൻവലിക്കും. മാസ്ക് ധരിക്കാൻ നിര്ബന്ധിക്കില്ല. പബ്ബുകളിലും മറ്റ് വേദികളിലും ഉപഭോക്തൃ വിശദാംശങ്ങൾ ശേഖരിക്കേണ്ടതില്ല. ബാറിൽ പാനീയങ്ങൾ വിതരണം ചെയ്യാൻ അനുവദിക്കും.
ഒത്തുചേരലിനുള്ള പരിധി തുടരുന്നതും ബാറുകളിലും റെസ്റ്റോറന്റുകളിലും ‘കോവിഡ് സർട്ടിഫിക്കറ്റുകൾ’ നിയമപരമായി ആവശ്യമാണെന്ന നിബന്ധനയും ഒഴിവാക്കുന്നതായും ജോൺസൻ പറഞ്ഞു. സ്കൂളുകളിലെ വിവാദപരമായ ‘ബബിൾ’ സമ്പ്രദായം പൂർണമായും എടുത്തു മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത ആഴ്ച കൈക്കൊള്ളാനാവുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ജൂലൈ 19 മുതൽ യെല്ലോ ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ചു തിരിച്ചു വരുന്ന യാത്രക്കാർക്കുള്ള സെൽഫ് ഐസോലേഷൻ ഒഴിവാക്കും. റോഡ്മാപ്പിന്റെ ഈ അവസാന ഘട്ടം അടുത്ത തിങ്കളാഴ്ച അന്തിമ അംഗീകാരം ലഭിക്കുന്നതോടെ ഔദ്യോഗികമായി നടപ്പിലാകും.
സാഹചര്യം വഷളായാൽ ‘പ്രാദേശിക, ദേശീയ തലത്തിൽ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ’ ഉണ്ടായേക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു. അതേസമയം, നിയമം മാറിയെങ്കിലും മാസ്ക് ധരിക്കുന്നത് ഈ മാസം പൂർണ്ണമായും റദ്ദാക്കുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ട്യൂബിൽ ഈ ഇളവുകൾ ബാധകമാകുമോ എന്ന് പറയാൻ ലണ്ടൻ മേയർ സാദിഖ് ഖാൻ വിസമ്മതിച്ചു. മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു.
പൊതുസ്ഥലത്ത് മാസ്കുകൾ ഉപേക്ഷിക്കുന്നത് കടുത്ത അശ്രദ്ധയായിരിക്കുമെന്നു വിവിധ യൂണിയനുകളും മുന്നറിയിപ്പ് നൽകുന്നു. നിയമത്തിൽ മാറ്റം വരുത്തിയാലും ട്രെയിൻ കമ്പനികൾക്കും ബിസിനസുകൾക്കും ഇടപാടുകാരോട് മുഖാവരണം ധരിക്കണമെന്ന് ആവശ്യപ്പെടാമെന്നാണ് സർക്കാർ നിലപാട്.
Leave a Reply