സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഹെയർ സലൂണുകൾ എന്നിവ ജൂലൈ 4 മുതൽ ഇംഗ്ലണ്ടിൽ തുറന്ന് പ്രവർത്തിക്കും. സാമൂഹിക അകലം പാലിക്കൽ നിയമത്തിലും ലഘൂകരണം കൊണ്ടുവന്നു. സാധ്യമാകുന്നിടത്ത് ആളുകൾ രണ്ട് മീറ്റർ അകലം പാലിക്കണമെന്നും എന്നാൽ ഒരു മീറ്റർ ദൂരം പ്രാബല്യത്തിൽ വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ട് രണ്ട് വീടുകളിലെ ആളുകൾക്ക് ഇനി ഒരുമിച്ച് കഴിയാൻ സാധിക്കും. എന്നാൽ എല്ലാ നടപടികളും തിരിച്ചെടുക്കാവുന്നതാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ജിം, വാട്ടർ പാർക്കുകൾ എന്നിവ ഇനിയും അടച്ചിടേണ്ടതായി വരും. ക്യാമ്പ് സൈറ്റുകൾ തുറക്കാൻ അനുവദിക്കുമെന്നും സൗകര്യങ്ങൾ ഒരുക്കണമെന്നും ടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ജോൺസൻ പറഞ്ഞു. പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുമായി ആരാധനാലയങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. ഒപ്പം സാമൂഹിക അകലം പാലിച്ചുകൊണ്ട്, മുപ്പതു പേരെ വരെ ഉൾക്കൊള്ളിച്ച് വിവാഹച്ചടങ്ങുകൾ നടത്താനും കഴിയും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലൈ 4 മുതൽ ഇവയൊക്കെ തുറന്നു പ്രവർത്തിക്കുമെങ്കിലും ശക്തമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. സ്ഥാപനത്തിൽ എത്തുന്ന എല്ലാവരുടെയും വിവരങ്ങൾ എഴുതി സൂക്ഷിക്കണം. മാസ്ക് ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും ജോൺസൻ പറഞ്ഞു. സിനിമാശാലകൾ, ആർട്ട് ഗാലറികൾ, മ്യൂസിയങ്ങൾ എന്നിവ വീണ്ടും തുറന്ന് പ്രവർത്തിക്കും. എന്നാൽ തത്സമയ പ്രകടനങ്ങൾ നടത്താൻ അനുവദിക്കുന്നതല്ല.

വിവിധ മേഖലകൾക്കുള്ള വിശദമായ മാർഗ്ഗനിർദ്ദേശം ഇന്നുതന്നെ പ്രസിദ്ധീകരിച്ചേക്കും. രണ്ട് മീറ്റർ അകലം പാലിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും അതിന് കഴിയാത്തിടത്ത് മുൻകരുതൽ സ്വീകരിച്ചുകൊണ്ട് ഒരു മീറ്റർ അകലം പാലിക്കണമെന്നും ജോൺസൻ അറിയിച്ചു. “ഈ പ്രസ്താവനയെ ഞാൻ സ്വാഗതം ചെയ്യുന്നു. സർക്കാർ ശരിയായ കാര്യം ചെയ്യുവാൻ ശ്രമിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ തന്നെ അവരെ പിന്തുണയ്ക്കുന്നു.” ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജോൺസൻ വ്യക്തമാക്കി. സ്കോട്ടിഷ്, വെൽഷ് സർക്കാരുകളും നോർത്തേൺ അയർലൻഡ് എക്സിക്യൂട്ടീവും അവരുടെ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുകയാണെന്നും രാജ്യം ശരിയായ ദിശയിലേക്കാണ് ഇപ്പോൾ നീങ്ങുന്നതെന്നും ജോൺസൻ അറിയിച്ചു.